
ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളെ (RUPPs) പട്ടികയിൽ നിന്ന് നീക്കം ചെയ്തു. പ്രവർത്തനരഹിതമായി തുടരുകയും, നിയമപരമായ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്ത പാർട്ടികൾക്കെതിരെയാണ് ഈ കർശന നടപടി.
തുടർച്ചയായി ആറ് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുക, രജിസ്റ്റർ ചെയ്ത വിലാസത്തിലും ഭാരവാഹികളുടെ കാര്യത്തിലും മാറ്റങ്ങൾ വന്നാൽ അത് കമ്മീഷനെ അറിയിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ പാർട്ടികളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 2025 ജൂണിൽ 345 പാർട്ടികളെ കേന്ദ്രീകരിച്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ മുഖേന നടത്തിയ അന്വേഷണത്തിനും, കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനും ശേഷമാണ് അന്തിമ തീരുമാനം.
ഈ നടപടിയോടെ, രാജ്യത്തെ അംഗീകാരമില്ലാത്ത പാർട്ടികളുടെ എണ്ണം 2854-ൽ നിന്ന് 2520 ആയി കുറഞ്ഞു. നിലവിൽ 6 ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളുമാണ് രാജ്യത്തുള്ളത്.
പട്ടികയിൽ നിന്ന് പുറത്തായതോടെ ഈ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കുന്നതിനും, ആദായനികുതിയിളവ് നേടുന്നതിനും, തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കുന്നതിനുമുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും. കമ്മീഷന്റെ തീരുമാനത്തിൽ പരാതിയുള്ള പാർട്ടികൾക്ക് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാമെന്നും ഉത്തരവിൽ പറയുന്നു.