
ശബരി റെയിൽപാത: ഭൂമി ഏറ്റെടുക്കൽ വൈകുന്നു, സംസ്ഥാനത്തെ പഴിചാരി കേന്ദ്രം
ന്യൂഡൽഹി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിലുള്ള അങ്കമാലി-ശബരി റെയിൽപാത പദ്ധതിയുടെ നടത്തിപ്പിലെ കാലതാമസത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലായ്മയും ഭൂമി ഏറ്റെടുക്കലിലെ മെല്ലെപ്പോക്കുമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. പദ്ധതിയുടെ ചെലവ് പങ്കുവെക്കുന്നതിൽ സംസ്ഥാന സർക്കാർ ഉപാധികൾ വെച്ചത് തടസ്സമാണെന്നും, ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ എന്നും കേന്ദ്രം ലോകസഭയെ അറിയിച്ചു.
ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 1997-98ൽ അനുമതി ലഭിച്ച പദ്ധതി, പ്രാദേശികമായ എതിർപ്പുകൾ, കോടതി കേസുകൾ, സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലായ്മ എന്നിവ കാരണമാണ് ഇത്രയും കാലം വൈകിയതെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3801 കോടി രൂപയാണെന്നും, ഇതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2024 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ ഇതിന് ഉപാധികളോടെ സമ്മതം അറിയിച്ചെങ്കിലും, നിരുപാധികമായ സമ്മതപത്രം നൽകണമെന്നാണ് റെയിൽവേയുടെ ആവശ്യം. കൂടാതെ, പദ്ധതിക്കായി സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും റിസർവ് ബാങ്കും ചേർന്ന് ഒരു ത്രികക്ഷി കരാറിൽ ഏർപ്പെടണമെന്ന നിർദ്ദേശത്തെ സംസ്ഥാന സർക്കാർ 2025 ജൂണിൽ എതിർത്തതായും കേന്ദ്രം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുമായി അടുത്തിടെ നടത്തിയ ചർച്ചയിൽ, പദ്ധതിച്ചെലവിന്റെ 50% വിഹിതം ഉപയോഗിച്ച് സംസ്ഥാനം ഭൂമി ഏറ്റെടുക്കൽ ആരംഭിക്കണമെന്ന് റെയിൽവേ മന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നൽകിയാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറാണെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കലാണ് പ്രധാന തടസ്സമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ശബരി പാതയ്ക്ക് ആവശ്യമായ 416 ഹെക്ടർ ഭൂമിയിൽ ഇതുവരെ 24 ഹെക്ടർ (15% ൽ താഴെ) മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും 392 ഹെക്ടർ ഇനിയും ഏറ്റെടുക്കാനുണ്ടെന്നും കണക്കുകൾ നിരത്തി കേന്ദ്രം വിശദീകരിച്ചു.