
മുംബൈ: ഐപിഎല്ലിൽ അടുത്ത സീസണിൽ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ടീം വിടാനുള്ള താൽപര്യം സഞ്ജു മാനേജ്മെന്റിനെ അറിയിച്ചതായാണ് സൂചന. തന്നെ ട്രേഡ് ചെയ്യുകയോ അല്ലെങ്കിൽ ലേലത്തിനായി റിലീസ് ചെയ്യുകയോ വേണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ, എം.എസ്. ധോണിയുടെ പിൻഗാമിയെ തേടുന്ന ചെന്നൈ സൂപ്പർ കിംഗ്സും, മുൻ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനായി രംഗത്തുണ്ട്.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിലുണ്ടായ ചില മാറ്റങ്ങളിൽ സഞ്ജു അതൃപ്തനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ് പുറത്തിരുന്നപ്പോൾ, യശസ്വി ജയ്സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെ ഓപ്പണറായി പരീക്ഷിച്ചത് വിജയമായിരുന്നു. ഇതോടെ, ബാറ്റിംഗ് പൊസിഷനിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സാഹചര്യം സഞ്ജുവിന് നഷ്ടപ്പെട്ടത് ടീം വിടാനുള്ള തീരുമാനത്തിന് കാരണമായതായി പറയപ്പെടുന്നു.
നേരത്തെ തന്നെ സഞ്ജുവിനായി ചെന്നൈ സൂപ്പർ കിംഗ്സ് ശ്രമം നടത്തിയിരുന്നെങ്കിലും, താരത്തെ വിട്ടുനൽകാൻ രാജസ്ഥാൻ തയ്യാറായിരുന്നില്ല. എന്നാൽ, ക്യാപ്റ്റൻ തന്നെ ടീം വിടാൻ സന്നദ്ധത അറിയിച്ചതോടെ രാജസ്ഥാൻ വെട്ടിലായിരിക്കുകയാണ്. അതേസമയം, സഞ്ജുവിനെ ടീമിൽ നിലനിർത്തുമെന്നും ട്രേഡ് ചെയ്യില്ലെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സഞ്ജു 2026-ലെ മിനി ലേലത്തിൽ എത്തിയാൽ, താരത്തിനായി ടീമുകൾ കോടികൾ വാരിയെറിയുമെന്ന് ഉറപ്പാണ്. 18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിന് മുൻപ് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. ലേലത്തിൽ എത്തിയാൽ ഈ തുക മറികടന്ന് സഞ്ജു ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളാകാനും സാധ്യതയുണ്ട്.