FootballNews

മെസ്സിയെ ക്ഷണിക്കാൻ ഖജനാവിൽ നിന്ന് 13 ലക്ഷം; കായികമന്ത്രിയുടെ സ്പെയിൻ യാത്ര വിവാദത്തിൽ

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് ക്ഷണിക്കാൻ കായികമന്ത്രി വി. അബ്ദുറഹ്മാനും സംഘവും നടത്തിയ സ്പെയിൻ യാത്രയ്ക്കായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 13 ലക്ഷം രൂപ. അർജന്റീനയുടെ കേരള സന്ദർശനത്തിന് സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലെന്നും സ്പോൺസർമാരാണ് ചെലവ് വഹിക്കുന്നതെന്നും മന്ത്രി നേരത്തെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് വിപരീതമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

2024 സെപ്റ്റംബറിൽ മന്ത്രിയും സംഘവും സ്പെയിനിലെ മാഡ്രിഡിലേക്ക് നടത്തിയ യാത്രയ്ക്കായി 13,00,434 രൂപ ചെലവായെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.

അർജന്റീന ടീം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുന്ന സമയത്താണ് മന്ത്രി സ്പെയിനിലേക്ക് പോയതെന്നും, അതിനാൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്താൻ സാധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 75 കോടി രൂപ മുടക്കി മഞ്ചേരിയിൽ പുതിയ സ്റ്റേഡിയം നിർമ്മിച്ച് മെസ്സിയെയും സംഘത്തെയും മലബാറിൽ എത്തിക്കുമെന്ന പ്രഖ്യാപനവും പിന്നീട് നടപ്പായില്ല.

ഈ വിഷയത്തിൽ കായികമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്. മെസ്സിയും അർജൻ്റീന ടീമും കേരളത്തില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി നടത്തിയ യാത്രയുടെ ഫലപ്രാപ്തിയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q