
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. എന്ത് വില കൊടുത്തും സഞ്ജുവിനെ ടീമിൽ നിലനിർത്തുമെന്ന് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് ചെന്നൈയുടെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും പ്രതീക്ഷകൾക്ക് മങ്ങലേറ്റത്.
കഴിഞ്ഞ ഐപിഎൽ സീസണിൽ പരിക്കിനെ തുടർന്ന് സഞ്ജുവിന് ഏതാനും മത്സരങ്ങൾ നഷ്ടമായിരുന്നു. ഇതോടെ താരത്തെ വിൽക്കാൻ രാജസ്ഥാൻ റോയൽസ് ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, ഈ വാർത്തകളെല്ലാം തള്ളിക്കൊണ്ടാണ് മാനേജ്മെന്റിന്റെ പുതിയ പ്രതികരണം. “സഞ്ജു സാംസണെയോ മറ്റ് ഏതെങ്കിലും താരത്തെയോ വിൽക്കാൻ രാജസ്ഥാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഞ്ജു റോയൽസിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്,” രാജസ്ഥാനുമായി ബന്ധപ്പെട്ട ഒഫീഷ്യൽ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിന് മുന്നോടിയായി രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയത്. ടീം മാനേജ്മെന്റിന്റെ പുതിയ തീരുമാനത്തോടെ, അടുത്ത സീസണിലും സഞ്ജു തന്നെ രാജസ്ഥാൻ റോയൽസിനെ നയിക്കാനാണ് സാധ്യത. ജൂലൈയിൽ രാജസ്ഥാന്റെ ‘ഇന്റർനാഷനൽ പ്ലേയർ ഡെവലപ്മെന്റ്’ വിഭാഗം തലവൻ സിദ്ധാർഥ് ലാഹിരി സഞ്ജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുവെങ്കിലും താരത്തെ വിൽക്കാനല്ല, മറിച്ച് ടീമിന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യാനായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.