
ന്യൂ ഡൽഹി: 2026-ലെ ബോർഡ് പരീക്ഷയെഴുതുന്ന 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). അക്കാദമിക് അച്ചടക്കം ഉറപ്പാക്കുന്നതിനും ‘ഡമ്മി’ സ്കൂൾ പ്രവണത അവസാനിപ്പിക്കുന്നതിനുമാണ് ഈ കർശന നിർദേശം. 2025-26 അധ്യയന വർഷത്തിൽ ഹാജർ നില 75 ശതമാനത്തിൽ കുറവുള്ള വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് സിബിഎസ്ഇ പരീക്ഷാ ബൈലോയിലെ 13, 14 നിയമങ്ങൾ ഉദ്ധരിച്ച് ബോർഡ് വ്യക്തമാക്കി.
ഇളവുകൾക്ക് കർശന വ്യവസ്ഥകൾ
അടിയന്തര വൈദ്യസഹായം, അടുത്ത ബന്ധുക്കളുടെ മരണം, ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ഹാജർ നിലയിൽ ഇളവ് അനുവദിക്കും. എന്നാൽ ഇതിനായി കൃത്യമായ രേഖകൾ ഹാജരാക്കണം. മെഡിക്കൽ ലീവാണെങ്കിൽ സർക്കാർ അംഗീകൃത ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മറ്റ് കാരണങ്ങൾക്ക് മരണ സർട്ടിഫിക്കറ്റ് പോലുള്ള ഔദ്യോഗിക രേഖകളും സമർപ്പിക്കണം.
സ്കൂളുകൾക്ക് കർശന നിർദേശം
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹാജർ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ ഹാജർ കുറവാണെങ്കിൽ, രക്ഷിതാക്കൾക്ക് രജിസ്റ്റേർഡ് തപാൽ വഴിയോ ഇ-മെയിൽ വഴിയോ സ്കൂൾ അധികൃതർ രേഖാമൂലം മുന്നറിയിപ്പ് നൽകണം.
ഹാജർനില സംബന്ധിച്ച രേഖകളിൽ കൃത്രിമം കാണിക്കുന്ന സ്കൂളുകൾക്കെതിരെ അഫിലിയേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നൽകി. ഇത് ഉറപ്പാക്കുന്നതിനായി സ്കൂളുകളിൽ മിന്നൽ പരിശോധനകളും നടത്തും.
ജനുവരി 1 വരെയുള്ള ഹാജർ കണക്കാക്കി, ഇളവ് ആവശ്യമുള്ളവരുടെ അപേക്ഷകൾ ജനുവരി 7-നകം ബോർഡിന് സമർപ്പിക്കണം. ഈ സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.