
സെക്രട്ടേറിയറ്റ് നാളെ പ്രക്ഷുബ്ധമാകും; ശമ്പള പരിഷ്കരണം മുതൽ കാന്റീൻ വിലവർധന വരെ, ആവശ്യങ്ങളുമായി ജീവനക്കാർ
തിരുവനന്തപുരം: ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാർ നാളെ (ആഗസ്റ്റ് 6) പ്രതിഷേധത്തിലേക്ക്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനവും സെക്രട്ടേറിയറ്റ് പടിക്കൽ കൂട്ടധർണ്ണയും നടത്തും.
സർക്കാർ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നിരന്തരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതെന്ന് ആക്ഷൻ കൗൺസിൽ നേതാക്കൾ അറിയിച്ചു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ആറ് ഗഡു ഡി.എ കുടിശ്ശികയും 2020 ജനുവരി മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയും അനുവദിക്കുക, ആറ് വർഷത്തെ ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന സാമ്പത്തിക ആവശ്യങ്ങൾ.
ഇവയ്ക്ക് പുറമെ, ജീവനക്കാരുടെ സാമൂഹിക സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി (NPS) പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക, ആശ്രിത നിയമനത്തിനുള്ള അവകാശം സംരക്ഷിക്കുക, സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക എന്നിവയും ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.
കെ.എ.എസ് സമരത്തിന്റെ പേരിൽ ജീവനക്കാരുടെ പ്രൊമോഷൻ തടഞ്ഞ നടപടി റദ്ദാക്കണമെന്നും, സെക്രട്ടേറിയറ്റ് കാന്റീനിലെ അന്യായമായ വിലവർധന പിൻവലിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.