News

പാലക്കാട് കനത്ത മഴ: മലയോര മേഖലയിൽ ജനം ദുരിതത്തിൽ; ചപ്പാത്തുകൾ മുങ്ങി, ഗതാഗതം സ്തംഭിച്ചു

പാലക്കാട്: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായി. മണ്ണാർക്കാട്, അലനല്ലൂർ, തിരുവിഴാംകുന്ന്, ഇടത്തനാട്ടുകര തുടങ്ങിയ കിഴക്കൻ മേഖലകളിലാണ് മഴ ശക്തമായി തുടരുന്നത്. നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

അലനല്ലൂർ-ഇടത്തനാട്ടുകര-കണ്ണംകുണ്ട് ചപ്പാത്ത് രാവിലെ മുതൽ വെള്ളത്തിനടിയിലായതോടെ ഈ റൂട്ടിലെ ഗതാഗതം പൂർണ്ണമായി നിലച്ചു. അരമണിക്കൂറിലധികം ചുറ്റിവളഞ്ഞാണ് ആളുകൾ ഇപ്പോൾ യാത്ര ചെയ്യുന്നത്. മണ്ണാർക്കാട്-തേങ്കര-കഞ്ഞിരം റോഡിലെ കോൽപ്പാടം ചപ്പാത്തും കവിഞ്ഞൊഴുകുകയാണ്. ഇതോടെ തേങ്കര, കഞ്ഞിരം പഞ്ചായത്തുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്കൂളുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകേണ്ട വിദ്യാർത്ഥികളടക്കമുള്ള നൂറുകണക്കിന് ആളുകൾ വഴിയിൽ കുടുങ്ങി.

അതേസമയം, പാലക്കാട് നഗരത്തിൽ നേരിയ മഴ മാത്രമാണുള്ളത്. നെല്ലിയാമ്പതിയിൽ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. അട്ടപ്പാടിയിലും സൈലന്റ് വാലിയിലും രാത്രിയിൽ മഴ പെയ്തിരുന്നെങ്കിലും നിലവിൽ ശമനമുണ്ട്. മലയോര മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.