തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്ലിനെതിരെ സുപ്രിം കോടതിയില്‍ ഹർജി

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമനത്തിനെതിരെ സുപ്രിം കോടതിയിൽ ഹരജി. സുപ്രിം കോടതി വിധി മറികടക്കാനാണ് കേന്ദ്രം നിയമം കൊണ്ടുവന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാൻ സ്വതന്ത്ര സംവിധാനം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

ചീഫ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതിന് നിഷ്പക്ഷവും സ്വതന്ത്രവുമായ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കണമെന്ന് അഭിഭാഷകൻ സഞ്ജീവ് മൽഹോത്രയും അഭിഭാഷകൻ അഞ്ജലെ പട്ടേലും സമർപ്പിച്ച ഹരജിയിൽ ഗോപാൽ സിംഗ് കോടതിയോട് ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്‍. ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയാകും സമിതിയിലുണ്ടാകുക. പ്രധാനന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവും സമിതിയിലുണ്ടാകും. 1991ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമത്തിന് പകരമുള്ളതാണ് പുതിയ ബിൽ.

ബില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാൽ ലോക്‌ഭയിലെ മൂന്നില്‍ രണ്ട് പ്രതിപക്ഷ അംഗങ്ങളും പുറത്തുനില്‍ക്കവെയാണ് കേന്ദ്രം ബില്‍ പാസാക്കിയെടുത്തത്.മാർച്ച് രണ്ടിനാണ്, തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്.

കമ്മീഷനെ സ്വതന്ത്രമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുന്നവർ അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം വിജയിക്കൂ എന്നും ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments