KeralaNews

മലയാളത്തിന്റെ സാനുമാഷ് ഓർമ്മയായി; സാഹിത്യ-സാംസ്കാരിക ലോകത്തിന് തീരാനഷ്ടം

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും ചിന്തകനും സാഹിത്യവിമർശകനുമായ പ്രൊഫ. എം.കെ. സാനു (98) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. അധ്യാപകൻ, പ്രഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായത്.

1928 ഒക്ടോബർ 27-ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ. സാനുവിന്റെ ജനനം. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, പിന്നീട് വിവിധ സർക്കാർ കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1958-ൽ ‘അഞ്ചു ശാസ്ത്ര നായകന്മാർ’ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. വിമർശനം, വ്യാഖ്യാനം, ജീവചരിത്രം, ബാലസാഹിത്യം തുടങ്ങി വിവിധ ശാഖകളിലായി നാല്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്. ‘കർമഗതി’ എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ.

1983-ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായി. 1987-ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച്, കോൺഗ്രസിലെ അതികായനായിരുന്ന എ.എൽ. ജേക്കബിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. പുരോഗമന സാഹിത്യസംഘത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു, ചങ്ങമ്പുഴ, കുമാരനാശാൻ, ബഷീർ തുടങ്ങിയവരെക്കുറിച്ചെഴുതിയ ജീവചരിത്ര പഠനങ്ങൾ മലയാള സാഹിത്യത്തിലെ ശ്രദ്ധേയ ഗ്രന്ഥങ്ങളാണ്.