
‘ഓപ്പറേഷൻ സിന്ദൂറി’ൽ കൊല്ലപ്പെട്ട 10 ഭീകരരുടെ പട്ടിക പുറത്തുവിട്ട് അമിത് ഷാ
ന്യൂഡൽഹി: പാക് അധീന ഇന്ത്യയിൽ ഇന്ത്യൻ സായുധ സേന നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ൽ കൊല്ലപ്പെട്ട 10 ഉന്നത ഭീകരരുടെ പേരുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പുറത്തുവിട്ടു.
ജെയ്‌ഷെ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരന്മാർ, 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ, ഐ.സി-814 വിമാനം റാഞ്ചിയ കേസിലെ പ്രതി എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷനിൽ, പാക് അധീന ഇന്ത്യയിലെ 9 ഭീകരവാദ ക്യാമ്പുകൾ ഇന്ത്യൻ സേന തകർത്തതായി അമിത് ഷാ പറഞ്ഞു. ഒരു സാധാരണ പൗരന് പോലും പരിക്കേൽക്കാതെ നടത്തിയ ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ട 10 പേരിൽ എട്ടുപേർക്കും മുംബൈ ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നും, കോൺഗ്രസ് ഭരണകാലത്ത് രക്ഷപ്പെട്ടവരെയാണ് ഇപ്പോൾ ലക്ഷ്യമിട്ട് ഇല്ലാതാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട പ്രധാന ഭീകരർ:
- ഹാഫിസ് മുഹമ്മദ് ജമീൽ: ജെയ്‌ഷെ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ഏറ്റവും മൂത്ത ഭാര്യാസഹോദരൻ. പാകിസ്താനിലെ ബഹവൽപൂരിലെ റിക്രൂട്ട്മെന്റ് കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു.
- മുഹമ്മദ് യൂസഫ് അസ്ഹർ: മസൂദ് അസ്ഹറിന്റെ മറ്റൊരു ഭാര്യാസഹോദരൻ. 1999-ലെ ഐ.സി-814 വിമാനം റാഞ്ചിയ കേസിലെ പ്രതി. ജെയ്‌ഷെ-മുഹമ്മദിന്റെ ആയുധ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു.
- മുദസ്സർ ഖാദിയാൻ ഖാസ് (അബു ജുണ്ടാൽ): ലഷ്കർ-ഇ-തൊയ്ബ കമാൻഡറും മുരിദ്കെയിലെ മാർക്കസ് തയ്ബയുടെ തലവനും. മുംബൈ ഭീകരാക്രമണത്തിന്റെ പരിശീലന മേൽനോട്ടം വഹിച്ചു. ഇയാളുടെ ശവസംസ്‌കാര ചടങ്ങിൽ പാക് സൈന്യത്തിലെ ഒരു ലഫ്റ്റനന്റ് ജനറലും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസും പങ്കെടുത്തതായി ഇന്ത്യൻ ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
- ഖാലിദ് (അബു അക്സ്): ലഷ്കർ-ഇ-തൊയ്ബയുടെ മുതിർന്ന നേതാവ്. അഫ്ഗാനിസ്താനിൽ നിന്നുള്ള ആയുധക്കടത്ത് ശൃംഖലയുടെ പ്രധാന കണ്ണി.
ഇവരെ കൂടാതെ യാക്കൂബ് മാലിക്, ഹംസ ജലീൽ, ഹസ്സൻ ഖാൻ, അബ്ദുൾ മാലിക്, നോം മാലിക്, മുഹമ്മദ് ഹസൻ ഖാൻ എന്നിവരും കൊല്ലപ്പെട്ടതായി അമിത് ഷാ അറിയിച്ചു. ഇവരെല്ലാം ജെയ്‌ഷെ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ സംഘടനകളിലെ ഉന്നത കമാൻഡർമാരായിരുന്നു.