ഡൽഹി: റിപബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. കേന്ദ്രം നൽകിയ വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയങ്ങളിൽ കേരളം സമർപ്പിച്ച നിശ്ചല ദൃശ്യ മാതൃകകൾ കേന്ദ്രം തള്ളി. ലൈഫ് മിഷൻ അടക്കമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയുള്ള മാതൃകകളാണ് തള്ളിയവയിൽ ഉള്ളത്.
കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് പിആർഡി അഡീഷണൽ ഡയറക്ടർ അറിയിച്ചു. നേരത്തെ പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം തള്ളിയിരുന്നു. അതേസമയം കേരളം നൽകിയ നിശ്ചല ദൃശ്യം ഭാരത് പർവ് പരിപാടിയിൽ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വികസിത ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയങ്ങളിൽ പത്ത് മാതൃകകളാണ് കേരളം നൽകിയിരുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് കേന്ദ്രം ഈ മാതൃകകൾ പരിശോധിച്ചത്. നിർദേശിച്ച ഭേദഗതികൾ വരുത്തി അവസാന ഘട്ടത്തിൽ നാല് മാതൃകകൾ കേരളം സമർപ്പിച്ചു.
വികസിത ഭാരതമെന്ന വിഷയത്തിൽ ലൈഫ് മിഷൻ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃക, കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്റെ പ്രതിമ അടങ്ങിയ മാതൃക എന്നിവയായിരുന്നു കേരള ടൂറിസം എന്നിവയായിരുന്നു സമർപ്പിച്ചത്. അതേസമയം ഭാരത് സർവിൽ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന കാര്യത്തിൽ കേരളം തീരുമാനമെടുത്തിട്ടില്ല. ഭാരത് പർവിൽ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു.