Kerala Government NewsNews

ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം; ഇടക്കാലാശ്വാസം നൽകണം -സെക്ര. ആക്ഷൻ കൗൺസിൽ

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ഇടക്കാലാശ്വാസം നൽകണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് ആവശ്യപ്പെട്ടു.

ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുന്ന കാര്യത്തിൽ കടുത്ത അനാസ്ഥയാണ് സർക്കാർ വച്ചു പുലർത്തുന്നത്. കാലാവധി എത്തുന്നതിനും എട്ട് മാസം മുമ്പേ, പത്താം ശമ്പള കമ്മീഷനെ നിയമിച്ചുവെങ്കിൽ പതിനൊന്നാം കമ്മീഷൻ നിയമനം നാല് മാസം വൈകിയിരുന്നു. ഇപ്പോഴാകട്ടെ ഒരു വർഷം കഴിഞ്ഞിട്ടും ശമ്പള കമ്മീഷനുമില്ല, പരിഷ്ക്കരണവുമില്ല എന്ന അവസ്ഥയാണ്.
2024 ജൂലൈ മുതൽ ജീവനക്കാർ ശമ്പള പരിഷ്ക്കരണത്തിന് അർഹരാണ്. പതിനാെന്നാം പേ റിവിഷൻ പോലൊന്ന് നടപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിൽ, അതിനായി ഒരു കമ്മീഷനും ചെലവ് കാശും ഒഴിവാക്കാവുന്നതാണ്. ജീവനക്കാർക്ക് ഗുണകരമാകും വിധമാകണം കമ്മീഷനെ നിയമിക്കേണ്ടത്. മൂന്ന് മാസത്തിനകം ശമ്പള പരിഷ്ക്കരണം ലഭ്യമാക്കണമെന്ന ലക്ഷ്യം വച്ചാവണം കമ്മീഷൻ നിയമനം.
ഫിക് സേഷൻ ബെനിഫിറ്റും മിനിമം ആനുകൂല്യവും ഉറപ്പാക്കണം. സർവീസ് വെയ്റ്റേജ് അനുവദിക്കണം. സ്പെഷ്യൽ പേയും ഓപ്ഷനും റീഫിക്സേഷനും സിറ്റി കോമ്പൻസേറ്ററി അലവൻസും പുന:സ്ഥാപിക്കണം.

ശമ്പള പരിഷ്ക്കരണം വൈകുന്നതിനാൽ അടിസ്ഥാന ശമ്പളത്തിൻ്റെ പത്ത് ശതമാനമോ 5000 രൂപയോ ഇടക്കാലാശ്വാസമായി അനുവദിക്കണമെന്ന്
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് , കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി നൗഷാദ്,
കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി സി ഡി ശ്രീനിവാസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ ആവശ്യപ്പെട്ടു.