Malayalam Media LIve

തെന്നല: തീഷ്ണമായ കാലത്തെ മധ്യസ്ഥൻ; ഒളി മങ്ങാത്ത ഓർമ

  • കെ. ജി. രവി (കർഷക കടാശ്വാസ കമ്മീഷൻ മുൻ അംഗം)

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യനും ശാന്തനും ഗാന്ധിയനുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. 2025 ജൂൺ 6 ന് അദ്ദേഹം വിട പറഞ്ഞു. എല്ലാ വിഭാഗം കോൺഗ്രസുകാരുടെയും സ്നേഹ ബഹുമാനങ്ങൾ ഏറ്റുവാങ്ങിയ അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു തെന്നല.

കെ കരുണാകരൻ, എ കെ ആന്റണി എന്നിവരുടെ കാലഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്ന ഗ്രൂപ്പ് വൈരത്തിൽ യോജിപ്പിന്റെ പാത തീർത്ത മധ്യസ്ഥൻ കൂടിയായിരുന്നു അദ്ദേഹം. കോൺഗ്രസുകാർക്ക് മാത്രമല്ല എല്ലാ വിഭാഗം രാഷ്ട്രീയപ്രവർത്തകർക്കും മാതൃകയാക്കാവുന്ന ഉന്നത വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു തെന്നല. ആദർശപരമായ ജീവിതശൈലിയുടെയും സൗമ്യതയുടെയും ആൾരൂപമായിരുന്നു അദ്ദേഹം.

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശൂരനാട് എന്ന ഗ്രാമത്തിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. പ്രസിദ്ധമായ തെന്നല തറവാട്ടിൽ എൻ ഗോപാല പിള്ളയാണ് പിതാവ്. മാതാവ് ഈശ്വരി അമ്മ.1931 മാർച്ച് 11 ജനനം. വമ്പിച്ച ഭൂസ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഭാര്യ സതീദേവി.

തിരുവനന്തപുരം നെട്ടയം മുക്കോല യമുന നഗറിലെ അമ്പാടിയിൽ വിശ്രമജീവിതം നയിച്ച് വരവേ 95 ആം വയസ്സിലായിരുന്നു അദ്ദേഹം വിട പറഞ്ഞത്. ശൂരനാട് മണ്ഡലം പ്രസിഡണ്ട്, കൊല്ലം ഡിസിസി പ്രസിഡണ്ട്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി പ്രസിഡണ്ട് പദവികളിൽ പടിപടിയായി അദ്ദേഹം പടി പടിയായി എത്തിച്ചേർന്നു.

1998 ലും 2004 ലും അദ്ദേഹം കെപിസിസി പ്രസിഡണ്ട് ആയിരുന്നു.1972 ൽ കൊല്ലം ഡിസിസി പ്രസിഡണ്ട്. 1977 ലും 1982 ലും അടൂരിൽ നിന്നുള്ള നിയമസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1991, 1992, 2003 എന്നീ കാലഘട്ടങ്ങളിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 15 വർഷക്കാലം അയ്യപ്പ സേവാ സംഘത്തിന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

തെന്നല പ്രസിഡന്റ് ആയ 2001 കാലഘട്ടത്തിലാണ് യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തിയത്.. എ കെ ആന്റണി ആയിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ കോൺഗ്രസിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടു വിവാദമാകുമ്പോൾ തെന്നല ചെയർമാനായ കമ്മിറ്റി ഉണ്ടാക്കി പരിഹാരം കാണുകയായിരുന്നു അന്ന് ചെയ്തത്. തെന്നലയുടെ റിപ്പോർട്ട് ഇരുവിഭാഗവും അംഗീകരിച്ചു.

സഹകരണ മേഖലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.ജില്ലാ സഹകരണബാങ്ക് വൈസ് പ്രസിഡണ്ട്, സംസ്ഥാന സഹകരണബാങ്ക് പ്രസിഡണ്ട് എന്നീ പദവികളിൽ പ്രവർത്തിച്ചു.

തെന്നലയുടെ ഭൗതികശരീരം കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും നേതാക്കന്മാർ എത്തിയിരുന്നു.സംസ്ഥാന ബഹുമതികളോടെ ടെ ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. വിപ്ലവ വീര്യമുള്ള ശൂരനാടിന്റെ മണ്ണിൽ തെന്നല കുടുംബവുമായി ബന്ധപ്പെട്ട പല കഥകളും ഉണ്ട്. അതൊന്നും ഈ അവസരത്തിൽ പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ തുറന്നാൽ അതിൻറെ ഏടുകളിൽ ചില ഭാഗങ്ങൾ കാണാൻ കഴിയും. തെന്നല എന്ന പ്രിയ നേതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി.