
ശമ്പള പരിഷ്കരണ കമ്മീഷനോ കമ്മിറ്റിയോ? കൺഫ്യൂഷനിൽ കെ.എൻ. ബാലഗോപാൽ; കൺഫ്യൂഷൻ തീർക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കമ്മീഷനോ അതോ ശമ്പള പരിഷ്കരണ കമ്മിറ്റിയോ? ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൺഫ്യൂഷൻ തുടരുന്നു. സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള പരിഷ്കരണം എങ്ങനെ വേണം എന്ന കാര്യത്തിൽ ഗഹനമായ ചിന്തയിലാണ് കെ.എൻ. ബാലഗോപാൽ.
സർക്കാരിന്റെ കാലാവധി തീരാൻ പത്ത് മാസം മാത്രം ആണ് മുന്നിൽ ഉള്ളത്. അതുകൊണ്ട് തന്നെ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചാൽ അവർ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കും. അതുകൊണ്ട് തന്നെ ശമ്പള പരിഷ്കരണം ഈ സർക്കാരിന്റെ കാലത്ത് നടപ്പാക്കാൻ സാധിക്കുകയില്ല. പകരം ശമ്പള പരിഷ്കരണം ധനവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കട്ടെ എന്ന പ്രായോഗിക നിർദ്ദേശം ഉയർന്നിട്ടുണ്ട്.
ധന വകുപ്പിലെ പേ റിവിഷൻ സെല്ലിന് ചുമതല കൈമാറിയാൽ നാലോ അഞ്ചോ മാസം കൊണ്ട് ശമ്പള പരിഷ്കരണം നടത്താൻ സാധിക്കും. ശമ്പള പരിഷ്കരണ കമ്മീഷൻ സർക്കാരിന് നൽകുന്ന റിപ്പോർട്ട് പേ റിവിഷൻ സെല്ല് സൂഷ്മ പരിശോധനക്കും തിരുത്തലിനും വിധേയമാക്കിയതിന് ശേഷമാണ് സർക്കാർ അംഗീകരിക്കുക. 2024 ജൂലൈ 1 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന് ഇതുവരെ സർക്കാർ നടപടിയെടുക്കാത്തതിൽ ജീവനക്കാരും പെൻഷൻകാരും പ്രതിഷേധത്തിലാണ്.
ആസന്നമായ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് സർക്കാരിൻ്റെ മുന്നിലുണ്ട്. സംഘടിത ശക്തിയായ ജീവനക്കാരുടെയും പെൻഷൻകാരുടെയും അപ്രീതി മാറ്റിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മുഖ്യമന്ത്രിക്കറിയാം. അതുകൊണ്ട് തന്നെ ബാലഗോപാലിന്റെ കൺഫ്യൂഷൻ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.