News

ഇനി കുതിച്ചുപായും ഹൈഡ്രജൻ ട്രെയിൻ; ഇന്ത്യയുടെ അഭിമാന പരീക്ഷണം വിജയം, റെയിൽവേയുടെ ഭാവി മാറുന്നു

ചെന്നൈ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കോച്ചിന്റെ പരീക്ഷണയോട്ടം വിജയം. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നടന്ന പരീക്ഷണം, മലിനീകരണമില്ലാത്ത ഹരിത ഗതാഗതം എന്ന ഇന്ത്യയുടെ സ്വപ്നത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ്. ലോകത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ട്രെയിനുകളിലൊന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരീക്ഷണയോട്ടത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ട് ഇതിനെ “സുസ്ഥിര ഇന്ത്യയിലേക്കുള്ള ഒരു നാഴികക്കല്ല്” എന്ന് വിശേഷിപ്പിച്ചു. “1200 എച്ച്പി ശേഷിയുള്ള ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിലൂടെ, ഈ സാങ്കേതികവിദ്യയിലെ ലോകനേതാക്കളുടെ നിരയിലേക്ക് ഇന്ത്യയും എത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ പദ്ധതി

‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ പൈതൃക, മലയോര റൂട്ടുകളിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിനിന് ഏകദേശം 80 കോടി രൂപയും, റൂട്ടുകളിൽ ഹൈഡ്രജൻ നിറയ്ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി 70 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) റേക്കിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഘടിപ്പിച്ചാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ട്രെയിൻ വികസിപ്പിച്ചത്. ട്രെയിനുകൾക്ക് ഹൈഡ്രജൻ നിറയ്ക്കുന്നതിനായി സംയോജിത ഉത്പാദന-സംഭരണ-വിതരണ കേന്ദ്രങ്ങളും സ്ഥാപിക്കും. ഈ വിജയം ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്നതിനൊപ്പം, കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് വലിയ കരുത്ത് പകരും.