
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് 362 കോടി ചെലവായെന്ന് വിദേശ കാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ബ്രയൻ്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി ചെലവായ തുകയുടെ കണക്കുകൾ പുറത്ത് വിട്ടത്.
2021-24 കാലയളവിൽ 295 കോടിയും 2025 ൽ ഇതുവരെ 67 കോടിയും വിദേശയാത്രക്കായി ചെലവഴിച്ചു.25 കോടിയാണ് ഈ വർഷത്തെ ഫ്രാൻസ് യാത്രക്ക് ചെലവായത്. 2023 ജൂണിലെ യു. എസ് യാത്രക്ക് 22 കോടിയും സ വർഷത്തെ യു.എസ് യാത്രക്ക് 16 കോടിയും ചെലവായി. വിദേശ സന്ദർശനത്തിൻ്റെ ഭാഗമായുള്ള പൊതുപരിപാടികളുടേയും പരസ്യങ്ങളുടേയും സംപ്രേഷണത്തിൻ്റേയും ചെലവുകൾ ഉൾപ്പെടെയുള്ള കണക്കാണിത്.
മൗറിഷ്യസ് , സൈപ്രസ് കാനഡ , ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ബ്രസീൽ, അർജൻ്റിന , നമീബിയ എന്നീ രാജ്യങ്ങളിലേക്ക് ഈ വർഷം പ്രധാനമന്ത്രി നടത്തിയ യാത്രകളുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിൻ്റെ ചെലവ് കൂടി വരുമ്പോൾ മോദിയുടെ വിദേശയാത്ര ചെലവ് 400 കോടി കടക്കും.