
20,000 രൂപയ്ക്ക് മുകളിൽ പണമായി കൊടുത്തോ? ചെക്ക് മടങ്ങിയാൽ കേസ് നിലനിൽക്കില്ല; ഹൈക്കോടതിയുടെ നിർണായക വിധി
കൊച്ചി: പണമിടപാടുകളിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് വഴിവെക്കുന്ന നിർണായക വിധിയുമായി കേരള ഹൈക്കോടതി. ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള തുക പണമായി നൽകിയ ശേഷം, ഈടായി വാങ്ങിയ ചെക്ക് മടങ്ങിയാൽ നിയമനടപടി സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഈ സുപ്രധാന വിധി.
വിധിക്ക് പിന്നിലെ നിയമവശം
ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ്എസ് പ്രകാരം, 20,000 രൂപയിൽ കൂടുതലുള്ള തുക വായ്പയായോ നിക്ഷേപമായോ പണമായി കൈമാറുന്നത് നിയമവിരുദ്ധമാണ്. ഇത്തരം ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴിയോ, അക്കൗണ്ട് പേ ചെക്ക് വഴിയോ, ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താവൂ. നിയമപ്രകാരം തന്നെ നിലനില്പില്ലാത്ത ഒരു ഇടപാടിന്റെ പേരിൽ നൽകുന്ന ചെക്കിന് നിയമപരമായ പരിരക്ഷ നൽകാൻ കോടതിക്ക് സാധിക്കില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. നിയമവിരുദ്ധമായ ഇടപാടുകൾക്ക് പരിരക്ഷ നൽകുന്നത് കള്ളപ്പണം വെളുപ്പിക്കാൻ കോടതിയെ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്നും വിധിയിൽ പറയുന്നു.
പൊതുജനങ്ങൾ അറിയേണ്ടത്
ഈ വിധി സാധാരണക്കാരുടെ പണമിടപാടുകളെ കാര്യമായി സ്വാധീനിക്കും. 20,000 രൂപയ്ക്ക് മുകളിൽ ആർക്കെങ്കിലും പണമായി കടം നൽകി പകരം ചെക്ക് വാങ്ങിയാൽ, ആ ചെക്ക് മടങ്ങിയാൽ പണം തിരികെ ലഭിക്കാൻ കോടതിയെ സമീപിക്കുന്നത് ദുഷ്കരമാകും. പണമായി തന്നെ നൽകാനുള്ള മതിയായ കാരണം ബോധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ കേസ് നിലനിൽക്കില്ല. അതിനാൽ, വലിയ തുകകളുടെ ഇടപാടുകൾ എപ്പോഴും ബാങ്കിംഗ് സംവിധാനങ്ങളിലൂടെ നടത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
വ്യവസ്ഥകൾ ബാധകം
ഈ ഉത്തരവിന് മുൻകാല പ്രാബല്യമില്ല. അതായത്, വിചാരണ പൂർത്തിയായ പഴയ കേസുകളെ ഈ വിധി ബാധിക്കില്ല. പുതുതായി ഫയൽ ചെയ്യുന്നതും നിലവിൽ വിചാരണയിലുള്ളതുമായ കേസുകൾക്കാണ് വിധി ബാധകമാവുക. പത്തനംതിട്ട സ്വദേശി പി.സി. ഹരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഒൻപത് ലക്ഷം രൂപ പണമായി നൽകിയ ഇടപാടിൽ ചെക്ക് മടങ്ങിയ കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി.