
രാവിലെ വീഡിയോ ഗെയിം, ഡേർട്ട് ബൈക്ക് യാത്ര; സൗദി കിരീടാവകാശിയുടെ അറിയാക്കഥകളുമായി പുതിയ പുസ്തകം
റിയാദ്: ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ (MBS) ആരും അറിയാത്ത വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ വെളിപ്പെടുത്തി പുതിയ പുസ്തകം. പുലിറ്റ്‌സർ സമ്മാന ജേതാവായ റിപ്പോർട്ടർ കാരെൻ ഹൗസ് എഴുതിയ ‘ദ മാൻ ഹു വുഡ് ബി കിംഗ്’ (The Man Who Would Be King) എന്ന പുസ്തകത്തിലാണ് സൽമാൻ രാജകുമാരന്റെ ‘ആധുനികനും അനൗപചാരികനുമായ’ മുഖം അനാവരണം ചെയ്യുന്നത്.
സൗദി അറേബ്യയെക്കുറിച്ച് 40 വർഷത്തിലേറെ അനുഭസമ്പത്തുള്ള കാരെൻ ഹൗസ്, ടൈം മാഗസിനുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ പുസ്തകത്തിലെ രസകരമായ വിവരങ്ങൾ പങ്കുവെച്ചു. “അദ്ദേഹം എല്ലാ ദിവസവും രാവിലെ ഇപ്പോഴും വീഡിയോ ഗെയിമുകൾ കളിക്കാറുണ്ട്. അധികാരത്തിന്റെ ജാഡകളില്ലാത്ത, വളരെ സാധാരണമായി ഇടപെടുന്ന ഒരു ആധുനിക വ്യക്തിയാണ് അദ്ദേഹം,” കാരെൻ പറയുന്നു.
അധികാരത്തിന്റെ ജാഡകളില്ലാത്ത രാജകുമാരൻ
എംബിഎസുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് കാരെൻ ഓർക്കുന്നു. “അദ്ദേഹം ഒരു ഭരണാധികാരിയെപ്പോലെ പെരുമാറാൻ ശ്രമിക്കുന്നില്ല. അഭിമുഖം നടക്കുമ്പോൾ പരിഭാഷകരെയും മറ്റ് ഉദ്യോഗസ്ഥരെയും അകലെ നിർത്തി നേരിട്ടാണ് അദ്ദേഹം സംസാരിക്കുക,” കാരെൻ കൂട്ടിച്ചേർത്തു. ഒരിക്കൽ അൽ ഉലയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ എംബിഎസ് ഒരു ഡേർട്ട് ബൈക്ക് ഓടിച്ചെത്തിയത് കണ്ട് ആളുകൾ അമ്പരന്നുപോയെന്നും സാധാരണയായി രാജകുടുംബാംഗങ്ങൾ അങ്ങനെയൊന്നും ചെയ്യാറില്ലെന്നും അവർ പുസ്തകത്തിൽ പറയുന്നു.
അധികാരത്തിലേക്കുള്ള വഴി
സൽമാൻ രാജാവിന്റെ മൂന്നാം ഭാര്യയിലെ ആദ്യ മകനായ എംബിഎസിന്, ആദ്യ ഭാര്യയിലെ മക്കളോട് മത്സരിച്ച് സ്വയം കഴിവ് തെളിയിക്കണമെന്ന അമ്മയുടെ ഉപദേശമാണ് അധികാരത്തിലേക്കുള്ള വഴി തുറന്നതെന്ന് പുസ്തകം പറയുന്നു. ലോകം ചർച്ച ചെയ്ത റിറ്റ്സ് കാൾട്ടൺ ‘ശുദ്ധികലശം’ അധികാരമുറപ്പിക്കാൻ മാത്രമല്ല, രാജ്യത്തെ അഴിമതി തുടച്ചുനീക്കി യുവജനങ്ങൾക്ക് അവസര സമത്വം നൽകാനുകൂടിയായിരുന്നുവെന്നും കാരെൻ ഹൗസ് വിലയിരുത്തുന്നു. സൗദി അറേബ്യയെ മാറ്റിമറിക്കുന്ന ഈ ഭരണാധികാരിയുടെ സങ്കീർണ്ണമായ വ്യക്തിത്വത്തിലേക്കും അധികാരവഴികളിലേക്കും വെളിച്ചം വീശുന്നതാണ് ഈ പുസ്തകം.