
ജയില്‍ ഉദ്യോഗസ്ഥർക്കും പണികിട്ടും, ഗോവിന്ദച്ചാമിക്ക് ഇനി ‘ചുവപ്പ് വര’ വീഴും! ജയിൽചാട്ടത്തിലെ നിയമങ്ങൾ അറിയാം
തിരുവനന്തപുരം: കണ്ണൂരിൽ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടുകയും മണിക്കൂറുകൾക്കകം പിടിയിലാവുകയും ചെയ്ത സംഭവം കേരളത്തിലെ ജയിൽ നിയമങ്ങളെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഒരു തടവുപുള്ളി രക്ഷപ്പെട്ടാൽ അയാൾക്കും, അതിന് സഹായിക്കുകയോ മൗനാനുവാദം നൽകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും എന്ത് സംഭവിക്കും? കേരളാ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) നിയമത്തിൽ ഇതേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
ഉദ്യോഗസ്ഥർക്ക് രക്ഷയില്ല (വകുപ്പ് 506)
തടവുചാട്ടത്തിന് ഏതെങ്കിലും തരത്തിൽ സഹായം നൽകുകയോ, അനാസ്ഥ കാണിക്കുകയോ ചെയ്യുന്ന ജയിൽ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കും. കണ്ണൂരിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കുറ്റത്തിന്റെ ഗൗരവം കുറവാണെന്നോ തെളിവുകൾക്ക് അപര്യാപ്തതയുണ്ടെന്നോ സൂപ്രണ്ടിന് തോന്നിയാൽ, തുടർനടപടികൾക്കായി വിഷയം ജയിൽ ഡിജിപിക്ക് കൈമാറാവുന്നതാണ്.
ഗോവിന്ദച്ചാമിയുടെ ഷർട്ടിൽ ഇനി ‘ചുവപ്പ് വര’ (വകുപ്പ് 508)
നിയമപ്രകാരം, ജയിൽ ചാടുകയോ അതിന് ശ്രമിക്കുകയോ ചെയ്ത തടവുകാരെ തിരിച്ചറിയാൻ പ്രത്യേക അടയാളമുണ്ടാകും. പിടിയിലായ ശേഷം തിരികെ ജയിലിലെത്തുന്ന ഗോവിന്ദച്ചാമി ഇനി ധരിക്കേണ്ടത് ചുവന്ന വരയുള്ള ഷർട്ടാണ്. ഷർട്ടിന്റെ ഇടത് നെഞ്ചിലായി 10 സെന്റിമീറ്റർ നീളത്തിലും 3 സെന്റിമീറ്റർ വീതിയിലും തിരശ്ചീനമായ ഒരു ചുവന്ന വര തുന്നിച്ചേർക്കും. ഇത് ജയിലിനുള്ളിൽ ഇയാളെ എളുപ്പത്തിൽ നിരീക്ഷിക്കാൻ സഹായിക്കും.
പിടികിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കും? (വകുപ്പ് 509)
ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടാനായി. എന്നാൽ, ഒരു തടവുകാരനെ പിടികൂടാനായില്ലെങ്കിൽ അയാളുടെ വാറണ്ട് 10 വർഷം വരെ ജയിലിൽ സൂക്ഷിക്കും. ഈ പത്ത് വർഷത്തിനുള്ളിലും കണ്ടെത്താനായില്ലെങ്കിൽ, “പ്രതിയെ പിടികിട്ടിയിട്ടില്ല” എന്ന് രേഖപ്പെടുത്തി വാറണ്ട് ശിക്ഷിച്ച കോടതിക്ക് തിരികെ നൽകും.
തിരികെ പിടിച്ചാലുള്ള നടപടി (വകുപ്പ് 507)
പിടിയിലായ ഗോവിന്ദച്ചാമിയെ അയാളുടെ യഥാർത്ഥ ശിക്ഷാ വാറണ്ടിന്റെ അടിസ്ഥാനത്തിൽ തന്നെ വീണ്ടും ജയിലിൽ പ്രവേശിപ്പിക്കും. ഇയാൾ ജയിൽ ചാടിയ വിവരം അറിയിച്ച എല്ലാ ഉദ്യോഗസ്ഥരെയും വകുപ്പുകളെയും, പ്രതിയെ തിരികെ പിടിച്ച കാര്യവും ഔദ്യോഗികമായി അറിയിക്കും.