
കൊച്ചിയിൽ നിന്ന് അമേരിക്ക ഉൾപ്പെടെ 6 രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കണം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഓസ്‌ട്രേലിയ, അമേരിക്ക, ജർമനി, അയർലണ്ട്, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ പ്രധാന രാജ്യങ്ങളിലേക്ക് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണമെന്ന് ബെന്നി ബെഹനാൻ എം.പി. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായ്ഡുവിനെ നേരിൽകണ്ട് ബെന്നി ബെഹനാൻ നിവേദനം നൽകി.
ദക്ഷിണേന്ത്യയുടെ പ്രധാന വിമാനതാവളമായ CIAL-ൽ നിന്നുള്ള ഈ സർവീസുകൾ ആരംഭിക്കപ്പെടുന്നത് പ്രവാസികൾക്ക് യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും തിരക്കുള്ള വിമാനത്താവളങ്ങളിൽനിന്നുള്ള ഭാരം കുറക്കുകയും ചെയ്യും. കൂടാതെ വിനോദസഞ്ചാരവും, വാണിജ്യവും, എക്‌സ്‌പോർട്ട്-ഇംപോർട്ട് രംഗവും ശക്തമാകും.
ലക്ഷക്കണക്കിന് മലയാളികൾ ഇപ്പോൾ ഈ വിദേശ രാജ്യങ്ങളിൽ താമസിക്കുന്നു. ഇപ്പോഴുള്ള സർവീസുകൾ വഴി യാത്രചെയ്യാൻ പല ട്രാൻസിറ്റുകളും ലെ ഓവറുകളും അവശ്യമാകുന്നതായതിനാൽ നേരിട്ട് സർവീസുകൾ അനിവാര്യമാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളുള്ള കൊച്ചി വിമാനത്താവളം അധിക വിമാനങ്ങളും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് മന്ത്രിയോട് വിശദീകരിച്ചു. കേരള ജനതയുടെ ദീർഘകാലത്തെ ആവശ്യമാണ് ഇത് അതിനാൽ മുൻഗണന നൽകിക്കൊണ്ടുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.