
‘അണയാത്ത കനൽ’ വി.എസ്. അച്യുതാനന്ദൻ ഓർമ്മയായി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനും സിപിഎം സ്ഥാപക നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഹൃദഘാതത്തെ തുടർന്ന് ജൂൺ 23 മുതൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഒരു സമരകാലഘട്ടത്തിന്റെ പ്രതീകവും, ജനകീയനായ ഭരണാധികാരിയുമായിരുന്ന വി.എസ്സിന്റെ വിയോഗത്തോടെ, കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് ഉടൻ തന്നെ വിഎസിന്റെ മൃതദേഹം കൊണ്ടുപോകും. ഇന്ന് രാത്രി പൊതുദർശനം അവിടെ ഉണ്ടാകും. രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒൻപത് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോകും.
ഉച്ചയ്ക്ക് ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടിൽ സംസ്കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു.
2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ, 2016-ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയപ്പോൾ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായും പ്രവർത്തിച്ചു.
സമരഭരിതമായ ജീവിതം
1923 ഒക്ടോബർ 20-ന് പുന്നപ്രയിൽ ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ, 1940-ൽ തന്റെ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നത്. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത അദ്ദേഹം, പിന്നീട് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായി. മൂന്ന് തവണ സംസ്ഥാന സെക്രട്ടറി, രണ്ട് തവണ പ്രതിപക്ഷ നേതാവ്, 1985 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, പാർട്ടിയുടെയും കേരള രാഷ്ട്രീയത്തിന്റെയും ഗതി നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
1967-ൽ അമ്പലപ്പുഴയിൽ നിന്നാണ് വി.എസ്. ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1996-ൽ മാരാരിക്കുളത്തുണ്ടായ അപ്രതീക്ഷിത പരാജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി. എന്നാൽ, 2001 മുതൽ മലമ്പുഴയുടെ സ്വന്തം എംഎൽഎയായി അദ്ദേഹം ശക്തമായി തിരിച്ചുവന്നു.
ഭാര്യ: കെ. വസുമതി. മക്കൾ: ഡോ. വി.വി. ആശ, വി.എ. അരുൺകുമാർ.