Kerala Government News

ഭൂമി സുരക്ഷിതമാണോ? വിവരങ്ങളറിയാൻ ബാധ്യതാ സർട്ടിഫിക്കറ്റ് മാത്രം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ താമസിക്കുന്ന മലയാളികൾക്ക് തങ്ങളുടെ നാട്ടിലുള്ള ഭൂമി മറ്റാരെങ്കിലും തട്ടിയെടുക്കുകയോ, വ്യാജമായി കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിലവിൽ ഒരേയൊരു മാർഗ്ഗം. വസ്തുവിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance Certificate/കുടിക്കട സർട്ടിഫിക്കറ്റ്) എടുത്ത് പരിശോധിക്കുക മാത്രമാണ് ഇതിനുള്ള വഴിയെന്ന് രജിസ്‌ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നു.

രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ നൽകി ഉടമയ്ക്ക് തന്നെ ഭൂമിയുടെ തൽസ്ഥിതി പരിശോധിക്കാൻ സൗകര്യമുണ്ട്.

ബാധ്യതാ സർട്ടിഫിക്കറ്റ് ഓൺലൈനായി നേടാം

www.registration.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ബാധ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഭൂവുടമയുടെ പേര്, റീസർവേ നമ്പർ, ആധാരത്തിലെ നമ്പർ, വിസ്തീർണ്ണം തുടങ്ങിയ വിവരങ്ങൾ നൽകുകയും, ആധാരത്തിന്റെയും ഭൂനികുതി രസീതിന്റെയും പകർപ്പുകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടക്കുകയും ചെയ്താൽ മൂന്നോ നാലോ ദിവസത്തിനകം സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും.

ഈ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിലൂടെ, ഭൂമി മറ്റാരുടെയെങ്കിലും പേരിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടോ, ഏതെങ്കിലും തരത്തിലുള്ള വായ്പകൾക്കായി ഈട് നൽകിയിട്ടുണ്ടോ, മറ്റ് ബാധ്യതകളുണ്ടോ എന്നീ കാര്യങ്ങൾ വ്യക്തമായി അറിയാൻ സാധിക്കും.

പോക്കുവരവ് പ്രധാനം

ഭൂമി വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ, വില്ലേജ് ഓഫീസ് വഴി പോക്കുവരവ് (Mutation) ചെയ്യുന്ന പ്രക്രിയ ഇപ്പോൾ പൂർണ്ണമായും ഓൺലൈനാണ്. എന്നാൽ, വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമി പോലും സ്വന്തം പേരിലേക്ക് പോക്കുവരവ് നടത്താതെ, ആധാരം മാത്രം കയ്യിൽ സൂക്ഷിക്കുന്ന പ്രവണത കേരളത്തിൽ വ്യാപകമാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. ഇത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. അതിനാൽ, ഭൂമി ഇടപാടുകൾ നടത്തിയവർ എത്രയും പെട്ടെന്ന് പോക്കുവരവ് നടപടികൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.