
ചെന്നൈ: കടുത്ത ജലദോഷത്തിന് ശമനമുണ്ടാകാൻ, മാതാപിതാക്കൾ വിക്സും കർപ്പൂരവും ചേർത്ത മിശ്രിതം പുരട്ടിയതിനെ തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെന്നൈ വല്ലവൻ നഗറിലാണ് സംഭവം. മിശ്രിതം പുരട്ടിയതിന് പിന്നാലെ കുഞ്ഞിന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും, എഗ്മോർ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ജലദോഷം മൂർച്ഛിച്ചതാണോ, അതോ മിശ്രിതം പുരട്ടിയതിനെ തുടർന്നുള്ള ശ്വാസതടസ്സമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ. കുഞ്ഞുങ്ങളിൽ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതിലെ അപകടം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ ദാരുണ സംഭവം.
ഡോക്ടർമാരുടെ മുന്നറിയിപ്പ്
മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളിൽ വിക്സ് പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ കർശനമായി മുന്നറിയിപ്പ് നൽകുന്നു. ഇവയുടെ രൂക്ഷഗന്ധം കുഞ്ഞുങ്ങളുടെ ലോലമായ ശ്വാസനാളങ്ങളിൽ അസ്വസ്ഥതയുണ്ടാക്കാനും, ശ്വാസതടസ്സത്തിന് കാരണമാകാനും സാധ്യതയുണ്ട്. വിക്സിന്റെ പാക്കറ്റിൽ തന്നെ ഈ മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
“വിക്സ്, കർപ്പൂരം എന്നിവ ശ്വസിക്കുന്നത് കൊണ്ട് മാത്രം സാധാരണയായി മരണം സംഭവിക്കാറില്ല. കുഞ്ഞിന് നേരത്തെ ശ്രദ്ധയിൽപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നിരിക്കാം. ജലദോഷം പോലുള്ള അസുഖങ്ങൾ അവഗണിച്ച് വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കുമ്പോൾ, കഫം കെട്ടി ശ്വാസതടസ്സമുണ്ടാകാനും സാധ്യതയുണ്ട്,” എന്ന് ശിശുരോഗ വിദഗ്ധർ പറയുന്നു.
കുഞ്ഞുങ്ങൾക്ക് എന്തുചെയ്യണം?
കുഞ്ഞുങ്ങൾക്ക് അസുഖമുണ്ടായാൽ വീട്ടുവൈദ്യങ്ങളോ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ കടകളിൽ നിന്ന് വാങ്ങുന്ന മരുന്നുകളോ നൽകരുത്. പകരം, ഉടൻ തന്നെ ഒരു ശിശുരോഗ വിദഗ്ദ്ധനെ കാണിച്ച് കൃത്യമായ ചികിത്സ ഉറപ്പാക്കണം. സാധാരണ ജലദോഷത്തിന്, മൂക്കടപ്പ് മാറ്റാനുള്ള സലൈൻ നേസൽ ഡ്രോപ്പുകൾ പോലുള്ള ലളിതമായ മാർഗ്ഗങ്ങൾ മാത്രമാണ് ആവശ്യമുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.
കർപ്പൂരം പോലുള്ളവ അബദ്ധത്തിൽ ഉള്ളിൽ ചെന്നാൽ അത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.