
കടമെടുപ്പ് തുടരുന്നു; 1000 കോടി കൂടി വായ്പയെടുക്കാൻ കെ.എൻ. ബാലഗോപാല്‍; ഈ വർഷം മാത്രം കടമെടുത്തത് 15,000 കോടി
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ, ഈ സാമ്പത്തിക വർഷം മാത്രം സർക്കാർ എടുക്കുന്ന വായ്പ 15,000 കോടി രൂപയായി ഉയരും. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് തുടർക്കെയുള്ള കടമെടുപ്പിലൂടെ വ്യക്തമാകുന്നത്.
ജൂലൈ 22-ന് റിസർവ് ബാങ്കിന്റെ ഇ-കുബേർ പ്ലാറ്റ്‌ഫോം വഴി നടക്കുന്ന ലേലത്തിലൂടെയാണ് സർക്കാർ പുതിയ വായ്പ കണ്ടെത്തുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് സർക്കാർ കടപ്പത്രങ്ങളിലൂടെ പണം സമാഹരിക്കുന്നത്. ജൂലൈ ഒന്നിന് ശമ്പളവും പെൻഷനും നൽകുന്നതിനായി 2000 കോടി രൂപ കടമെടുത്തിരുന്നു. ജൂൺ മാസത്തിൽ രണ്ട് തവണയായി 5000 കോടിയും (ജൂൺ 3-ന് 3000 കോടി, ജൂൺ 24-ന് 2000 കോടി) സർക്കാർ കടമെടുത്തിരുന്നു.
കുതിച്ചുയരുന്ന കടബാധ്യതയും കുടിശ്ശികയും
പ്രതിമാസ ചെലവുകൾക്ക് പോലും കടത്തെ ആശ്രയിക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. കേരളത്തിന്റെ ആകെ കടബാധ്യത 6 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ഭീമമായ ബാധ്യതകളാണ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയതെന്നാണ് വിലയിരുത്തൽ.
ഇതിനുപുറമെ, വിവിധ ഇനങ്ങളിലായി സർക്കാർ നൽകാനുള്ള കുടിശ്ശിക ഏകദേശം 2 ലക്ഷം കോടി രൂപ വരും. ഇതിൽ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കുടിശ്ശിക മാത്രം ഒരു ലക്ഷം കോടി രൂപയാണ്. ക്ഷേമ പെൻഷൻ, കർഷകർക്കുള്ള സഹായം, കരാറുകാരുടെ ബില്ലുകൾ, ക്ഷേമനിധി ബോർഡുകൾക്കുള്ള വിഹിതം തുടങ്ങിയവയിലെ കുടിശ്ശികയും ഒരു ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും തുടർച്ചയായി വായ്പയെ ആശ്രയിക്കുന്നത് സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.