NewsPolitics

തോൽവി ഉറപ്പിച്ച് കെ.എൻ. ബാലഗോപാൽ! അയിഷ പോറ്റി കോൺഗ്രസിലേക്ക്

കെ. എൻ. ബാലഗോപാലിൻ്റെ കഷ്ടകാലം തുടരുന്നു. പിണറായി സർക്കാരിൽ ഏറ്റവും കൂടുതൽ ചീത്ത കേൾക്കുന്ന മന്ത്രിയാണ് കെ.എൻ. ബാലഗോപാൽ. വീണ ജോർജും ബിന്ദുവും മന്ത്രിസഭയിൽ ഉണ്ടായിട്ട് പോലും ആ റെക്കോർഡ് ബാലഗോപാലിന് സ്വന്തമാണ്. അത്രയ്ക്കാണ് കുടിശികയും നികുതി വർദ്ധനയും . ജനങ്ങൾ ചീത്ത വിളിച്ചില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു. അതുകൊണ്ട് തന്നെ സ്വന്തം മണ്ഡലത്തിലും തോൽവി ഭീഷണിയിലാണ് കെ.എൻ. ബാലഗോപാൽ.

ഇതിനിടയിലാണ് കൊട്ടാരക്കരയിലെ സി പി എം മുൻ എം എൽ എ അയിഷ പോറ്റി കോൺഗ്രസിലേക്ക് എന്ന അഭ്യൂഹം ശക്തമാകുന്നത്. സി പി എം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന അവർ പാർട്ടി പരിപാടികളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയാണ്. ജില്ലാ കമ്മിറ്റി അംഗമായിട്ടും ജില്ലാ സമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. തുടർന്ന് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സി പി എമ്മിൻ്റെ ഒരു ഘടകത്തിലും അവർ പ്രവർത്തിക്കുന്നില്ല. കൊട്ടാരക്കരയിൽ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അയിഷ പോറ്റി പങ്കെടുക്കുമെന്ന വാർത്തയാണ് ബാലഗോപാലിനേയും സി പി എമ്മിനേയും പരിഭ്രാന്തിയിൽ ആക്കിയിരിക്കുന്നത്.

സി പി എമ്മുമായി ഇടഞ്ഞ ആയിഷ പോറ്റിയെ കോൺഗ്രസിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അവരുടെ ജനകീയത ആണ് കോൺഗ്രസിനെ അതിന് പ്രേരിപ്പിച്ചത്. 2006 ൽ സാക്ഷാൽ ബാലകൃഷണപിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷ പോറ്റി കൊട്ടാരക്കരയെ ചുവപ്പ് അണിയിച്ചത്. 2011 ൽ 20592 വോട്ടിന് കൊട്ടാരക്കരയിൽ ജയിച്ച അയിഷ പോറ്റിയുടെ ഭൂരിപക്ഷം 2016 ൽ 42,632 ആയി ഉയർന്നു. എന്നാൽ 2021 ൽ അയിഷ പോറ്റിക്ക് സി പി എം സീറ്റ് നിഷേധിച്ചു. കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിൽ സി പി എം സ്ഥാനാർത്ഥിയായി. 2021 ലെ സി പി എം തരംഗത്തിലും ബാലഗോപാൽ കൊട്ടാരക്കരയിൽ ജയിച്ചത് 10814 വോട്ടിന് മാത്രമായിരുന്നു. അയിഷ പോറ്റി 42632 വോട്ടിന് ജയിച്ച സ്ഥാനത്ത് ബാലഗോപാലിന് ജയിക്കാനായത് 10814 വോട്ടിന് മാത്രം. അയിഷ പോറ്റിയുടെ ജനകീയത ബാലഗോപാലിൻ്റെ ഭൂരിപക്ഷത്തിൽ നിന്ന് വ്യക്തം.

ജയിച്ച ബാലഗോപാലിനെ പിണറായി ധനമന്ത്രിയാക്കി. വി.എസ്. അച്യുതാനന്ദനെ തുടക്കത്തിലെ തള്ളി പറഞ്ഞതിൻ്റെ പാരിതോഷികം ആയിരുന്നു ബാലഗോപാലിന് കിട്ടിയ ധനമന്ത്രി പദം. കസേരയിൽ 4 വർഷം പൂർത്തിയായിട്ടും ഇതുവരെ ധനകാര്യ മാനേജ്മെൻ്റിൻ്റെ എബിസിഡി ബാലഗോപാലിന് മനസിലായിട്ടില്ല. സർവ്വ രംഗത്തും കുടിശികയാണ്. പിണറായി സർക്കാരിനെ കുടിശിക സർക്കാർ ആക്കി ബാലഗോപാൽ മാറ്റി. ഭരണ വിരുദ്ധ വികാരം സർക്കാരിനെതിരെ അതിശക്തമായതിൽ ബാലഗോപാലിൻ്റെ ധനഭരണം വഹിച്ച പങ്ക് നിസ്തുലമാണ്.

ബാലഗോപാലിൻ്റെ ധനഭരണം കൊണ്ട് കൊട്ടാരക്കരയിൽ ആര് എതിരാളിയായി വന്നാലും ജയിക്കാമെന്ന അവസ്ഥയിലാണ്. അയിഷ പോറ്റി കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയാൽ ബാലഗോപാൽ പവനായി ആകുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.