Legal NewsNews

ഭാര്യയുടെ ഫോൺ പാസ്‌വേഡ് ചോദിക്കരുത്; നിർബന്ധിച്ചാൽ ഗാർഹിക പീഡനമാകും, നിർണായക വിധിയുമായി ഹൈക്കോടതി

റായ്പൂർ: ഭാര്യയുടെ മൊബൈൽ ഫോണിന്റെയോ ബാങ്ക് അക്കൗണ്ടിന്റെയോ പാസ്‌വേഡ് ആവശ്യപ്പെടാൻ ഭർത്താവിന് നിയമപരമായി അവകാശമില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയെ ഇതിനായി നിർബന്ധിക്കുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുമെന്നും ജസ്റ്റിസ് രാകേഷ് മോഹൻ പാണ്ഡെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ദാമ്പത്യ ബന്ധങ്ങളിലെ വ്യക്തിഗത സ്വകാര്യതയെക്കുറിച്ച് വ്യക്തത നൽകുന്ന സുപ്രധാന വിധിയാണിത്.

വിവാഹം ചെയ്തു എന്നതുകൊണ്ട് ഭാര്യയുടെ സ്വകാര്യ വിവരങ്ങൾ, ആശയവിനിമയങ്ങൾ, വ്യക്തിഗത സാധനങ്ങൾ എന്നിവയിൽ ഭർത്താവിന് യാന്ത്രികമായി അവകാശം ലഭിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. “ദാമ്പത്യത്തിൽ സുതാര്യതയും വിശ്വാസവും ആവശ്യമാണ്, എന്നാൽ അത് വ്യക്തിയുടെ സ്വകാര്യതയെ ഹനിച്ചുകൊണ്ടാവരുത്,” വിധിയിൽ പറയുന്നു.

കേസിനാസ്പദമായ സംഭവം

ഭാര്യയുടെ സ്വഭാവത്തിൽ സംശയമുണ്ടെന്നും അതിനാൽ അവരുടെ കോൾ വിവരങ്ങൾ (CDR) പരിശോധിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ക്രൂരതയുടെ പേരിൽ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ഈ ആവശ്യം. എന്നാൽ ഈ അപേക്ഷ കുടുംബകോടതി തള്ളിയതിനെ തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം ദാമ്പത്യത്തിനുള്ളിലും നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ വീട്ടിലോ ഓഫീസിലോ സ്വകാര്യമായി മൊബൈലിൽ സംസാരിക്കാനുള്ള അവകാശം ഇതിന്റെ ഭാഗമാണ്. ഭാര്യയുടെ കോൾ വിവരങ്ങൾ ആവശ്യപ്പെട്ട ഭർത്താവിന്റെ ഹർജി തള്ളിയ കുടുംബകോടതി നടപടി ഹൈക്കോടതി ശരിവെച്ചു.