
1 കോടി ഫേസ്ബുക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് മെറ്റ; കാരണം ഇതാണ്, യൂട്യൂബും കടുത്ത നടപടിയിലേക്ക്
ന്യൂയോർക്ക്: ഉപഭോക്താക്കളുടെ ഫീഡുകൾ കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായി, ഫേസ്ബുക്കിൽ നിന്ന് 1 കോടിയോളം (10 ദശലക്ഷം) വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് മാതൃ കമ്പനിയായ മെറ്റ. 2025-ന്റെ ആദ്യ പകുതിയിലാണ് ഈ വൻ ശുദ്ധീകരണം നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന നിലവാരമില്ലാത്ത ഉള്ളടക്കങ്ങൾ (AI Slop) സോഷ്യൽ മീഡിയയിൽ നിറയുന്ന സാഹചര്യത്തിലാണ് മെറ്റയുടെ ഈ കർശന നടപടി.
പ്രമുഖരായ കണ്ടന്റ് ക്രിയേറ്റർമാരെ അനുകരിച്ച്, അവരുടെ പേരിലും ചിത്രത്തിലും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഫേസ്ബുക്ക് അൽഗോരിതത്തെയും പ്രേക്ഷകരെയും മുതലെടുക്കുന്ന അക്കൗണ്ടുകളാണ് പ്രധാനമായും നീക്കം ചെയ്തത്. ഇതിന് പുറമെ, സ്പാം കമന്റുകൾ ഇടുക, വ്യാജ ലൈക്കുകളും ഷെയറുകളും നൽകുക, മറ്റുള്ളവരുടെ കണ്ടന്റുകൾ മോഷ്ടിച്ച് പോസ്റ്റ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 5 ലക്ഷം അക്കൗണ്ടുകൾക്കെതിരെയും മെറ്റ നടപടിയെടുത്തിട്ടുണ്ട്.
ഒറിജിനൽ കണ്ടന്റിന് പ്രാധാന്യം
യഥാർത്ഥ കണ്ടന്റ് നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തിയതായി മെറ്റ ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. മറ്റൊരാളുടെ കണ്ടന്റ് കോപ്പിയടിച്ച് പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്താനും, അത്തരം പോസ്റ്റുകളുടെ റീച്ച് കുറയ്ക്കാനുമുള്ള പുതിയ സാങ്കേതികവിദ്യയും കമ്പനി അവതരിപ്പിച്ചു. ഒറിജിനൽ കണ്ടന്റിന് ക്രെഡിറ്റ് നൽകിയില്ലെങ്കിൽ, അത്തരം പോസ്റ്റുകൾക്ക് ഇനി മുതൽ ഫേസ്ബുക്കിൽ വലിയ പ്രചാരം ലഭിക്കില്ല.
യൂട്യൂബും കടുത്ത നടപടിയിലേക്ക്
മെറ്റയ്ക്ക് സമാനമായി, യൂട്യൂബും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിലവാരം കുറഞ്ഞതും ആവർത്തന വിരസവുമായ വീഡിയോകൾക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിലും, യാതൊരു മൂല്യവുമില്ലാത്ത വീഡിയോകൾക്ക് ഇനി മുതൽ പണം ലഭിക്കില്ലെന്ന് (monetisation) യൂട്യൂബ് വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നത് വർധിച്ചുവരുന്ന ഈ കാലത്ത്, ഇത്തരം ഉള്ളടക്കങ്ങൾക്കെതിരായ ടെക് ഭീമന്മാരുടെ പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണിതെന്നാണ് വിലയിരുത്തൽ.