
ഷെറിന്റെ മോചനം; പിന്നിൽ മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും ഇടപെടൽ, മന്ത്രിസഭാ കുറിപ്പ് പുറത്ത്
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ കാരണവർക്ക് ജയില്‍ മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്, ബാക്കിയുള്ള ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പൂർത്തീകരിച്ചത് റെക്കോർഡ് വേഗത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമ മന്ത്രി പി. രാജീവിന്റെയും ഇടപെടലുകള്‍ ഷെറിന്റെ മോചനത്തിന് വേഗത കൂട്ടുകയായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ നിർദേശം മുതല്‍ മന്ത്രിസഭായോഗ തീരുമാനം കഴിഞ്ഞുള്ള ഉത്തരവിറങ്ങിയത് വരെ അവിശ്വസനീയമായ വേഗതയിലായിരുന്നുവെന്ന് സർക്കാർ രേഖകള്‍ വ്യക്തമാക്കുന്നു.

ഷെറിനെ വിടുതൽ ചെയ്യാനുള്ള ഫയൽ മന്ത്രിസഭയിലേക്ക് സമർപ്പിക്കാൻ ഉത്തരവിട്ടത് മുഖ്യമന്ത്രിയായിരുന്നു. 2024 ഡിസംബർ 21 നാണ് ഫയൽ മന്ത്രിസഭ യോഗത്തിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.
2025 ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ജയിൽ ഉപദേശക സമിതിയുടെ ശുപാർശ അംഗീകരിച്ചത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവും മന്ത്രിസഭാ യോഗത്തിന്റെ നടപടിക്കുറിപ്പുകളും പുറത്തുവന്നു. ഭരണഘടനയുടെ 161-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം വിനിയോഗിച്ചാണ് സർക്കാർ തീരുമാനം.
കണ്ണൂർ വനിതാ ജയിലിലെ ഉപദേശക സമിതി 2024 ഓഗസ്റ്റ് 8-ന് ചേർന്ന യോഗത്തിലാണ് ഷെറിൻ കാരണവർക്ക് അകാലവിടുതൽ നൽകാൻ ശുപാർശ ചെയ്തത്. ഈ ശുപാർശ ആഭ്യന്തര വകുപ്പ് പരിശോധിക്കുകയും, നിയമവകുപ്പിന്റെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഷെറിന് അകാലവിടുതൽ നൽകുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് നിയമവകുപ്പ് അഭിപ്രായപ്പെട്ടു.
തുടർന്ന്, 2025 ജനുവരി 28-ന് ചേർന്ന മന്ത്രിസഭായോഗം (ഇനം നം: 2653) ഈ വിഷയം പരിഗണിക്കുകയും, ഷെറിനെ മോചിപ്പിക്കാനുള്ള ശുപാർശ അംഗീകരിക്കുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ച മന്ത്രിസഭാ യോഗത്തിന്റെ നടപടിക്കുറിപ്പിലാണ് ഈ തീരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, 2025 ജൂലൈ 15-ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഷെറിന്റെ മോചനത്തിനുള്ള ഔദ്യോഗിക ഉത്തരവ് (G.O.(Ms) No.124/2025/HOME) പുറത്തിറക്കി.
2009 നവംബർ 8-നാണ് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഭർതൃപിതാവായ ഭാസ്കര കാരണവരെ (65), മരുമകളായ ഷെറിൻ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. സ്വത്ത് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു കൊലപാതകത്തിന് പിന്നിൽ. ഈ കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഷെറിനെ ജീവര്യന്തം തടവിന് ശിക്ഷിച്ചു. ഈ വിധി പിന്നീട് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.
14 വർഷവും 4 മാസവും തടവ് അനുഭവിച്ച ഷെറിന്റെ മോചനത്തിന്, ജില്ലാ പ്രൊബേഷൻ ഓഫീസറുടെയും പോലീസിന്റെയും റിപ്പോർട്ടുകൾ അനുകൂലമായിരുന്നു. ഈ റിപ്പോർട്ടുകളും ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും പരിഗണിച്ചാണ് സർക്കാർ ഇപ്പോൾ അകാലവിടുതലിന് തീരുമാനമെടുത്തത്.