
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള അധികാര തർക്കം കേരള സർവകലാശാലയെ പൂർണ്ണമായും സ്തംഭിപ്പിച്ചു. രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന്, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രണ്ടാഴ്ചയിലേറെയായി ഓഫീസിൽ എത്താത്തത് ഭരണപരമായ എല്ലാ പ്രവർത്തനങ്ങളെയും താളം തെറ്റിച്ചിരിക്കുകയാണ്. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഫയലുകൾ ഒപ്പിടാനാകാതെ കെട്ടിക്കിടക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
വിസിയുടെ ഓഫീസിന് മുന്നിൽ എസ്എഫ്ഐയുടെ പ്രതിഷേധം തുടരുന്നതിനാൽ, സംഘർഷം ഒഴിവാക്കാനാണ് താൻ ഓഫീസിൽ എത്താതെന്നാണ് വിസിയുടെ വിശദീകരണം.
ഒപ്പില്ലാതെ ഫയലുകൾ, വെട്ടിലായി വിദ്യാർത്ഥികൾ
വിസി നേരിട്ട് ഒപ്പിടേണ്ട രണ്ടായിരത്തോളം ബിരുദ സർട്ടിഫിക്കറ്റുകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. തുല്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, കോളേജുകളിലെ കോഴ്സുകളുടെ അംഗീകാരം, അധ്യാപകരുടെ കരിയർ അഡ്വാൻസ്മെന്റ് ഫയലുകൾ എന്നിവയെല്ലാം വിസിയുടെ ഒപ്പിനായി കാത്തിരിക്കുകയാണ്. ഇത് വിദേശത്ത് പഠനത്തിനും ജോലിക്കും പോകാനൊരുങ്ങുന്ന നിരവധി വിദ്യാർത്ഥികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.
ഇരട്ട രജിസ്ട്രാർ, ആശയക്കുഴപ്പം
വിസി സസ്പെൻഡ് ചെയ്ത ഡോ. കെ.എസ്. അനിൽകുമാറും, പകരം ചുമതല നൽകിയ മിനി കാപ്പനും രജിസ്ട്രാറുടെ കസേരയിൽ തുടരുന്നത് ഫയൽ നീക്കത്തെ പൂർണ്ണമായും സ്തംഭിപ്പിച്ചു. അനിൽകുമാർ വഴി എത്തുന്ന ഫയലുകൾ മിനി കാപ്പൻ വഴി അയക്കാൻ ആവശ്യപ്പെട്ട് വിസി തിരിച്ചയക്കുകയാണ്. ഈ രാഷ്ട്രീയ കളികളിൽ സർവകലാശാലയിലെ മറ്റ് ഉദ്യോഗസ്ഥരും നിസ്സഹായരായിരിക്കുകയാണ്.
പ്രതിസന്ധി ചർച്ച ചെയ്യാൻ സിൻഡിക്കറ്റ് യോഗം വിളിക്കണമെന്ന് ഇടതുപക്ഷ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും, വിസി ഇത് നിരസിച്ചു. ഗവർണറുമായി നടത്തിയ ചർച്ചയിലും പ്രശ്നത്തിന് പരിഹാരമായില്ല. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ വേദിയാക്കി മാറ്റരുതെന്നും, കുട്ടികളുടെ ഭാവി വെച്ച് കളിക്കരുതെന്നും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.