
ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം: പ്രൊഫൈൽ പുതുക്കണം, അവസാന തീയതി ജൂലൈ 17
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് സ്ഥലംമാറ്റത്തിനുള്ള നടപടികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തുടക്കമിട്ടു. 2025-26 വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് ശേഷം നിലവിലുള്ള ഒഴിവുകളിലേക്കാണ് അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ നടത്തുന്നത്. ഇതിന്റെ ഭാഗമായി, സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നവരും, പുതുതായി നിയമിതരായവരുമായ അധ്യാപകർ തങ്ങളുടെ പ്രൊഫൈൽ ജൂലൈ 17-നകം പുതുക്കണമെന്ന് അധികൃതർ അറിയിച്ചു.
സ്ഥലംമാറ്റ പോർട്ടലായ dhsetransfer.kerala.gov.in
വഴിയാണ് അധ്യാപകർ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യേണ്ടത്. പ്രൊഫൈലിൽ തിരുത്തലുകൾ ആവശ്യമുള്ള അധ്യാപകർ, ബന്ധപ്പെട്ട രേഖകൾ സഹിതം പോർട്ടൽ വഴി പ്രിൻസിപ്പലിന് സമർപ്പിക്കണം. പ്രിൻസിപ്പൽമാർ പരിശോധനയും തിരുത്തലുകളും പൂർത്തിയാക്കിയ ശേഷം, അധ്യാപകർക്ക് തങ്ങളുടെ പ്രൊഫൈൽ കൺഫേം ചെയ്യാവുന്നതാണ്.
ജൂലൈ 17-ന് ശേഷം അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിനായി അപേക്ഷ ക്ഷണിക്കുന്നതിനാൽ, പിന്നീട് പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്താൻ അവസരം ലഭിക്കുന്നതല്ല. അതിനാൽ, എല്ലാ അധ്യാപകരും ഈ സമയപരിധിക്കുള്ളിൽ തന്നെ പ്രൊഫൈൽ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തേണ്ടതാണെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ട്രാൻസ്ഫർ പോർട്ടലിൽ ലഭ്യമാണ്.