
ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ വിമാനത്തിനോ എഞ്ചിനുകൾക്കോ യാതൊരുവിധത്തിലുള്ള സാങ്കേതിക തകരാറുകളോ പരിപാലനത്തിലെ വീഴ്ചകളോ ഉണ്ടായിരുന്നില്ലെന്ന് എയർ ഇന്ത്യ സിഇഒ ക്യാംബെൽ വിൽസൺ. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ചാണ് സിഇഒയുടെ ഈ നിർണായക വെളിപ്പെടുത്തൽ. ഇതോടെ, അപകടകാരണം കോക്ക്പിറ്റിലെ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ എന്ന സംശയം ബലപ്പെടുകയാണ്.
ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എഐ 171 വിമാനം തകർന്നു വീണാണ് 260 പേർ മരിച്ചത്. ഈ ദുരന്തത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എഎഐബി ശനിയാഴ്ച പുറത്തുവിട്ടിരുന്നു.
“വിമാനത്തിൽ ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിരുന്നു. ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ പ്രശ്നങ്ങളില്ലായിരുന്നു, ടേക്ക്-ഓഫും സാധാരണ നിലയിലായിരുന്നു,” എന്ന് ക്യാംബെൽ വിൽസൺ എയർ ഇന്ത്യ ജീവനക്കാർക്കയച്ച സന്ദേശത്തിൽ പറയുന്നു.
ദുരൂഹതയേറ്റി ‘ഫ്യൂവൽ സ്വിച്ചുകൾ’
പറന്നുയർന്നതിന് തൊട്ടുപിന്നാലെ, ഒരു സെക്കൻഡിന്റെ വ്യത്യാസത്തിൽ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിർത്തുന്ന ഫ്യൂവൽ സ്വിച്ചുകളും ‘കട്ട്-ഓഫ്’ സ്ഥാനത്തേക്ക് മാറ്റിയതായി പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നോ ആരാണ് ചെയ്തതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല.
കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗ് പ്രകാരം, ഒരു പൈലറ്റ് മറ്റൊരാളോട് എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുകയും, താൻ ചെയ്തിട്ടില്ലെന്ന് മറ്റേയാൾ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഇത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
“അകാല നിഗമനങ്ങളിൽ എത്തരുത്, അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല,” എന്ന് സിഇഒ അഭ്യർത്ഥിച്ചു. മുൻകരുതലെന്ന നിലയിൽ, എയർ ഇന്ത്യയുടെ എല്ലാ 787 ഡ്രീംലൈനർ വിമാനങ്ങളും അപകടത്തിന് ദിവസങ്ങൾക്കുള്ളിൽ പരിശോധിച്ചുവെന്നും, എല്ലാ വിമാനങ്ങളും സർവീസിന് യോഗ്യമാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തിമ റിപ്പോർട്ട് വന്നതിന് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവും പ്രതികരിച്ചു.