
ഓലക്ക് ‘പണി’ കിട്ടി; 90% ഷോറൂമുകളും പൂട്ടി മഹാരാഷ്ട്ര സർക്കാർ, വിപണിയിൽ വൻ തിരിച്ചടി
മുംബൈ: ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ പ്രമുഖരായ ഓല ഇലക്ട്രിക് മൊബിലിറ്റിക്ക് മഹാരാഷ്ട്രയിൽ വൻ തിരിച്ചടി. ആവശ്യമായ ട്രേഡ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിനെ തുടർന്ന്, സംസ്ഥാനത്തെ 450 ഷോറൂമുകളിൽ 90 ശതമാനത്തോളവും പൂട്ടാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയായ മഹാരാഷ്ട്രയിലെ ഈ നടപടി, കമ്പനിയുടെ വിൽപ്പനയെ സാരമായി ബാധിക്കും.
കാരണം ട്രേഡ് സർട്ടിഫിക്കറ്റ്
രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ ഷോറൂമിൽ സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ആവശ്യമായ നിയമപരമായ രേഖയാണ് ട്രേഡ് സർട്ടിഫിക്കറ്റ്. സംസ്ഥാനത്തെ 432 ഓല ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ, 388 എണ്ണത്തിനും ഈ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ഗതാഗത വകുപ്പ് കണ്ടെത്തി. ഇതിനെ തുടർന്നാണ് ഷോറൂമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
ഓലയുടെ ആകെ വിൽപ്പനയുടെ ഏകദേശം 12% വരുന്ന, പ്രധാന വിപണിയാണ് മഹാരാഷ്ട്ര. ഈ നടപടി കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
വിപണിയിൽ മൂന്നാം സ്ഥാനത്തേക്ക്
ഈ പ്രതിസന്ധികൾക്കിടെ, ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഓല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടിവിഎസ്, ബജാജ് ഓട്ടോ എന്നിവയാണ് നിലവിൽ ഓലയ്ക്ക് മുന്നിലുള്ളത്. “ഞങ്ങളുടെ സ്റ്റോറുകളെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഊഹാപോഹങ്ങളും തെറ്റുമാണ്. എങ്കിലും, ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഞങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്,” എന്ന് കമ്പനി പ്രതികരിച്ചു.
ജൂണിൽ, ഓല ഇലക്ട്രിക് 20,120 സ്കൂട്ടറുകൾ വിറ്റപ്പോൾ, ടിവിഎസ് 25,407 യൂണിറ്റുകളും ബജാജ് ഓട്ടോ 23,119 യൂണിറ്റുകളും വിറ്റു. പ്രവർത്തന ലാഭം കൈവരിക്കാൻ പ്രതിമാസം 25,000 സ്കൂട്ടറുകളെങ്കിലും വിൽക്കേണ്ടതുണ്ടെന്ന് ഓല മാനേജ്മെന്റ് മുൻപ് വ്യക്തമാക്കിയിരുന്നു. ഈ വർഷം മാത്രം കമ്പനിയുടെ ഓഹരി വിലയിൽ 53% ഇടിവുണ്ടായി. ഉൽപ്പന്നത്തിന്റെ ഗുണമേന്മയും പ്രവർത്തനത്തിലെ പാളിച്ചകളുമാണ് ഓലയുടെ വിപണി വിഹിതം കുറയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.