
ചെന്നൈ: “സോറി വേണ്ടാം, നീതി വേണ്ടും” (ക്ഷമയല്ല, നീതിയാണ് വേണ്ടത്) – ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ച്, കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. പാർട്ടി രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ വലിയ പ്രതിഷേധ സമരത്തിൽ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രം വെച്ച പ്ലക്കാർഡുമേന്തിയാണ് വിജയ് എത്തിയത്. ഇതോടെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴകം സാക്ഷ്യം വഹിക്കാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരത്തിനാണെന്ന് ഉറപ്പായി.
ശിവഗംഗയിൽ പോലീസ് മർദ്ദനത്തിൽ അജിത് കുമാർ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് വിജയും പാർട്ടിയും ചെന്നൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

‘പോനാൽ പോകട്ടും പോടാ’ എന്ന് വിജയ്
2021 മുതൽ ഡിഎംകെ ഭരണത്തിന് കീഴിൽ 24 കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ടെന്നും, ഈ സർക്കാർ ഒരു ‘സോറി മോഡൽ സർക്കാർ’ ആയി മാറിയെന്നും വിജയ് രൂക്ഷമായി വിമർശിച്ചു. “സർക്കാരിന്റെ കാലാവധിക്ക് മുൻപ് ക്രമസമാധാനം മെച്ചപ്പെടുത്തിയില്ലെങ്കിൽ, ജനങ്ങൾക്കൊപ്പം ചേർന്ന് ഞങ്ങൾ അത് ചെയ്യും,” എന്ന് സിനിമാ സ്റ്റൈലിൽ പ്രഖ്യാപിച്ച വിജയ്, തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിൽ കൃത്യമായ തയ്യാറെടുപ്പുകളുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടിയ വിജയ്, എഐഎഡിഎംകെയുമായി സഖ്യചർച്ചകൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് ആയിരിക്കണമെന്നതുൾപ്പെടെയുള്ള ടിവികെയുടെ കർശന നിബന്ധനകളിൽ തട്ടി ചർച്ചകൾ പരാജയപ്പെട്ടു. “പോനാൽ പോകട്ടും പോടാ” (പോയാൽ പോകട്ടെ) എന്ന നിലപാടിലായിരുന്നു അപ്പോഴും വിജയ്.

‘നാൻ താൻ മുതൽവർ’
എഐഎഡിഎംകെയുമായുള്ള സഖ്യം പരാജയപ്പെട്ടതോടെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായോ ഡിഎംകെയുമായോ സഖ്യമുണ്ടാക്കില്ലെന്ന് വിജയ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താൻ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025 സെപ്റ്റംബർ മുതൽ സംസ്ഥാന പര്യടനം ആരംഭിക്കുമെന്നും വിജയ് അറിയിച്ചു.
ത്രികോണ തിരഞ്ഞെടുപ്പ് യുദ്ധം
വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് മത്സരിക്കുന്നത്, ഡിഎംകെ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നതിനാൽ ഡിഎംകെ ക്യാമ്പിൽ ആശ്വാസം നൽകുന്നുണ്ട്. അതേസമയം, എഐഎഡിഎംകെ-ബിജെപി സഖ്യത്തിനും ഇത് വലിയ വെല്ലുവിളിയാണ്. ഡിഎംകെയെ എതിർക്കുന്ന ചിന്താഗതിയുള്ള പാർട്ടികൾ എൻഡിഎയിൽ ചേരുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. വിജയ്‌യുടെ വരവോടെ തമിഴകത്ത് ശക്തമായ ഒരു ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
അതേസമയം, വിജയ്‌യുടെ രാഷ്ട്രീയ പരിചയമില്ലായ്മയെ ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി പരിഹസിച്ചു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം പോലും അറിയാതെയാണ് ചിലർ ചോദ്യങ്ങൾ ചോദിക്കുന്നതെന്നായിരുന്നു കനിമൊഴിയുടെ വിമർശനം.