
ജീവപര്യന്തം തടവുകാരന് വിവാഹം കഴിക്കാൻ 15 ദിവസം പരോൾ അനുവദിച്ച് ഹൈക്കോടതി
കൊച്ചി: പ്രണയത്തിന് മുന്നിൽ തടവറയുടെ മതിലുകൾക്ക് സ്ഥാനമില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ അസാധാരണവും മാനുഷികവുമായ ഇടപെടൽ. കൊലപാതക കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന യുവാവിന്, വിവാഹം കഴിക്കുന്നതിനായി 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. പ്രതിശ്രുത വധുവിന്റെ അചഞ്ചലമായ സ്നേഹവും ധീരമായ നിലപാടും പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സുപ്രധാന വിധി.
തൃശ്ശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന പ്രശാന്ത് എന്ന തടവുകാരന്റെ അമ്മ സത്യയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷിക്കപ്പെടുന്നതിന് മുൻപ് തന്നെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും ജൂലൈ 13-ന് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതായും ഹർജിയിൽ പറയുന്നു. വിവാഹത്തിനായി അടിയന്തര പരോളിന് അപേക്ഷ നൽകിയെങ്കിലും, തടവുകാരന്റെ സ്വന്തം വിവാഹത്തിന് പരോൾ നൽകാൻ ജയിൽ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ട് അപേക്ഷ നിരസിച്ചു. ഇതിനെതിരെയാണ് അമ്മ കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി, തടവുകാരനായ ശേഷവും കാമുകനെ കൈവിടാതെ വിവാഹം കഴിക്കാൻ തയ്യാറായ യുവതിയുടെ ധീരമായ നിലപാടിനെ പ്രശംസിച്ചു. “പ്രണയം അതിരുകൾ തിരിച്ചറിയുന്നില്ല. അത് തടസ്സങ്ങളെ ചാടിക്കടന്ന് ലക്ഷ്യസ്ഥാനത്ത് എത്തും” എന്ന മായ ആഞ്ചലോയുടെ വാക്കുകൾ ഉദ്ധരിച്ച കോടതി, ഈ കേസിനെ സമീപിക്കുന്നത് തടവുകാരന്റെ ഭാഗത്തുനിന്നല്ല, മറിച്ച് ആ യുവതിയുടെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കി.
“അവൾ പറയുന്നു, ‘നീയാണ് എന്റെ ഇന്നും നാളെയും എന്നെന്നും’. ആ യുവതിയുടെ ധീരമായ നിലപാടിനെ ഈ കോടതിക്ക് അവഗണിക്കാനാവില്ല. ആ പെൺകുട്ടി സന്തോഷവതിയായിരിക്കട്ടെ, ഈ കോടതിയുടെ എല്ലാ അനുഗ്രഹങ്ങളും അവൾക്കുണ്ടാകും,” എന്ന് കുറിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ 15 ദിവസത്തെ പരോൾ അനുവദിച്ചത്.
ഉത്തരവ് പ്രകാരം പ്രശാന്തിന് ജൂലൈ 12 മുതൽ 15 ദിവസത്തേക്കാണ് പരോൾ ലഭിക്കുക. ജൂലൈ 26-ന് വൈകുന്നേരം നാലിന് മുൻപ് ജയിലിൽ തിരികെ പ്രവേശിക്കണമെന്നും കോടതി നിർദ്ദേശിച്ചു.