Kerala

കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റിനെ തിരുവനന്തപുരത്തെ സർക്കാർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ബിജുവിനെയാണ് നളന്ദയിലെ എൻജിഒ ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ നാട്ടിൽ പോയതിനാൽ ബിജു ക്വാർട്ടേഴ്സിൽ തനിച്ചായിരുന്നു. ഇന്ന് രാവിലെ ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും, അവർ എത്തി അകത്തുനിന്ന് പൂട്ടിയ മുറി തുറന്ന് പരിശോധിക്കുകയുമായിരുന്നു.

മ്യൂസിയം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെങ്കിലും, ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിജു വ്യക്തിപരവും കുടുംബപരവുമായ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈൻ നമ്പർ: 1056)