Kerala Government NewsNews

സർക്കാർ ഭവന വായ്പ: ആധാരം തിരികെ വാങ്ങാൻ റിലീസ് ഡീഡ് രജിസ്റ്റർ ചെയ്ത് നൽകണം: കർശന നിബന്ധന

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിക്കുന്ന ഭവന നിർമ്മാണ വായ്പയുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശവുമായി ധനകാര്യ വകുപ്പ്. വായ്പ തിരിച്ചടവ് പൂർത്തിയാക്കിയ ശേഷം ഭൂമിയുടെ അസ്സൽ ആധാരം തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം, ബാധ്യത തീർത്തതിന്റെ രേഖയായ ‘റിലീസ് ഡീഡ്’ രജിസ്റ്റർ ചെയ്ത ശേഷം, അതിന്റെ പകർപ്പ് ബന്ധപ്പെട്ട വകുപ്പിൽ തിരികെ സമർപ്പിക്കണം.

പുതിയ നിബന്ധന വരാൻ കാരണം

നിലവിൽ, സർക്കാർ ഭവന വായ്പ തിരിച്ചടച്ച് തീരുമ്പോൾ, അക്കൗണ്ടന്റ് ജനറലിൽ നിന്നുള്ള ക്ലിയറൻസ് ലെറ്റർ ലഭിക്കുന്ന മുറയ്ക്ക്, വകുപ്പുകൾ റിലീസ് ഡീഡ് തയ്യാറാക്കി നൽകുകയും, പണയത്തിലായിരുന്ന അസ്സൽ ആധാരം ജീവനക്കാരന് തിരികെ നൽകുകയുമാണ് ചെയ്തിരുന്നത്.

എന്നാൽ, ഇങ്ങനെ തിരികെ ലഭിക്കുന്ന റിലീസ് ഡീഡ് പലരും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് രജിസ്റ്റർ ചെയ്യാത്ത പക്ഷം, നിയമപരമായി ഭൂമിയിലുള്ള സർക്കാരിന്റെ ബാധ്യത അവസാനിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

പുതിയ നടപടിക്രമം ഇങ്ങനെ

വായ്പ പൂർണ്ണമായി തിരിച്ചടച്ച ശേഷം, വകുപ്പിൽ നിന്ന് ലഭിക്കുന്ന റിലീസ് ഡീഡും അസ്സൽ ആധാരവുമായി ജീവനക്കാരൻ സബ് രജിസ്ട്രാർ ഓഫീസിൽ പോകണം. റിലീസ് ഡീഡ് അവിടെ രജിസ്റ്റർ ചെയ്ത ശേഷം, ആ രേഖ വകുപ്പിൽ തിരികെ ഏൽപ്പിക്കണം.

ഇത് വകുപ്പിലെ ഫയലിൽ സൂക്ഷിക്കും. ഇതോടെ മാത്രമേ ആധാരം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുകയുള്ളൂ. ഈ നിബന്ധന കർശനമായി പാലിക്കണമെന്ന് ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിലുണ്ട്.