News

ഉഴവൂർ വിജയന് 25 ലക്ഷം, ബിന്ദുവിന് 10 ലക്ഷം; പിണറായി സർക്കാരിൻ്റെ ധന സഹായത്തിൽ ഇരട്ട സമീപനം

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനുള്ള മന്ത്രിസഭ തീരുമാനം വിവാദത്തിൽ. സർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സംഭവത്തിൽ ബിന്ദുവിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് തള്ളിയാണ് ഇന്ന് ചേർന്ന മന്ത്രിസഭയോഗം 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചത്.

10 ലക്ഷം രൂപ അപര്യാപ്തമാണെന്നും 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെന്നും ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് നിയമ പ്രകാരമുള്ള അനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു നൽകിയിരുന്നു. ധനസഹായം രണ്ട് തരത്തിലാണ് സർക്കാർ കൊടുക്കുന്നതെന്ന് വ്യക്തം.

ഉഴവൂർ വിജയന് 25 ലക്ഷം, ബിന്ദുവിന് 10 ലക്ഷം എന്നിങ്ങനെ രണ്ട് തരത്തിൽ ധനസഹായം അനുവദിക്കുന്നതിൻ്റെ മാനദണ്ഡം എന്താണെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.