Legal NewsNews

ഭർതൃവീട്ടിൽ ഏൽപ്പിച്ച സ്വർണം തിരികെക്കിട്ടാൻ യുവതികൾക്ക് കർശന തെളിവ് വേണ്ട; സുപ്രധാന വിധിയുമായി ഹൈക്കോടതി

കൊച്ചി: വിവാഹശേഷം ഭർതൃവീട്ടുകാരെ വിശ്വസിച്ച് ഏൽപ്പിച്ച സ്വർണ്ണാഭരണങ്ങൾ തിരികെ ലഭിക്കുന്നതിനുള്ള കേസുകളിൽ, യുവതികളിൽ നിന്ന് രസീതുകൾ പോലുള്ള കർശനമായ തെളിവുകൾ ആവശ്യപ്പെടരുതെന്ന് കേരള ഹൈക്കോടതി. ഇത്തരം കേസുകളിൽ കോടതികൾ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും, സാഹചര്യത്തെളിവുകൾക്കാണ് മുൻഗണന നൽകേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിലെത്തുന്ന ഒരു യുവതി, തന്റെ ആഭരണങ്ങൾ ഭർത്താവിനെയോ അദ്ദേഹത്തിന്റെ മാതാപിതാക്കളെയോ ഏൽപ്പിക്കുമ്പോൾ രസീത് ചോദിച്ചുവാങ്ങുകയോ, അതിന് സാക്ഷികളെ വെക്കുകയോ ചെയ്യുന്നത് അപ്രായോഗികമാണ്. തികച്ചും അനൗപചാരികവും വിശ്വാസപരവുമായ ഒരു ഗാർഹിക ഏർപ്പാടാണത്. അതിനാൽ, പിന്നീട് ഈ സ്വർണ്ണം തിരികെ ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമ്പോൾ, കർശനമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിന്റെ പേരിൽ യുവതിക്ക് നീതി നിഷേധിക്കരുതെന്നും കോടതി നിരീക്ഷിച്ചു.

കേസിന്റെ പശ്ചാത്തലം

ഭർത്താവിന്റെ മരണശേഷം, ഭർതൃമാതാവും ഭർതൃസഹോദരനും സ്വർണ്ണാഭരണങ്ങൾ തിരികെ നൽകുന്നില്ലെന്ന് കാണിച്ച് ഒരു യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. വിവാഹ സമയത്ത് ധരിച്ചിരുന്ന 81 പവൻ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കാനായി ഭർതൃമാതാവിനെ ഏൽപ്പിച്ചിരുന്നുവെന്ന് യുവതി വാദിച്ചു. വിവാഹ ഫോട്ടോകളും, 53 പവൻ സ്വർണ്ണം വാങ്ങിയതിന്റെ ബില്ലുകളും യുവതി തെളിവായി ഹാജരാക്കി.

ഈ തെളിവുകൾ പരിഗണിച്ച കോടതി, ഭർതൃമാതാവിനോട് 53 പവൻ സ്വർണ്ണം മരുമകൾക്ക് തിരികെ നൽകാൻ ഉത്തരവിട്ടു. എന്നാൽ, ഭർതൃസഹോദരൻ വേറെ താമസിക്കുന്നതിനാൽ സ്വർണ്ണം അദ്ദേഹത്തിന്റെ കയ്യിലാകാൻ സാധ്യതയില്ലെന്ന് കണ്ട് അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കി.

കുടുംബ കോടതിയുടെ മുൻ ഉത്തരവ് ഭാഗികമായി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ വിധി. സ്ത്രീധനമായി ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ സ്ത്രീയുടെ മാത്രം സ്വത്താണെന്നും, അത് തിരികെ നൽകാൻ ഭർതൃവീട്ടുകാർക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും ഉറപ്പിക്കുന്നതാണ് ഈ വിധി.