NationalNews

ഗുജറാത്തില്‍ പാലം തകർന്ന് 9 മരണം: നവീകരിച്ചത് കഴിഞ്ഞ വർഷം, ഇന്ന് പൊളിഞ്ഞു

വഡോദര: ഗുജറാത്തിൽ വൻ ദുരന്തം. വഡോദര ജില്ലയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള ഗാംഭീര പാലം തകർന്ന് ട്രക്കുകളും കാറുകളുമടക്കം നിരവധി വാഹനങ്ങൾ പുഴയിലേക്ക് പതിച്ചു. അപകടത്തിൽ ഒൻപത് പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഒൻപത് പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.

വഡോദരയിലെ പദ്ര താലൂക്കിലുള്ള മുജ്പൂരിനെ ആനന്ദ് ജില്ലയിലെ ഗാംഭീരയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഇന്ന് പുലർച്ചയോടെ തകർന്നുവീണത്. അപകടത്തിൽ രണ്ട് ട്രക്കുകൾ, ഒരു ഈക്കോ വാൻ, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവ പുഴയിലേക്ക് പതിച്ചതായി വഡോദര ജില്ലാ കളക്ടർ അനിൽ ധമേലിയ സ്ഥിരീകരിച്ചു.

പാലത്തിൽ നിന്ന് ഒരു ടാങ്കർ അപകടകരമായി തൂങ്ങിക്കിടക്കുന്നതിന്റെയും, പുഴയിൽ കുടുങ്ങിയ ഒരു സ്ത്രീ തന്റെ മകനെ രക്ഷിക്കാനായി കരഞ്ഞുവിളിക്കുന്നതിന്റെയും ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രക്ഷാപ്രവർത്തനം തുടരുന്നു

ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) വഡോദര ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. പരിക്കേറ്റവരെ വഡോദരയിലെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി.

അറ്റകുറ്റപ്പണി കഴിഞ്ഞ വർഷം

43 വർഷം പഴക്കമുള്ള ഈ പാലത്തിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ വർഷം നടത്തിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇതാണ് അപകടത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം പാലത്തിന്റെ നിർമ്മാണത്തെയും അറ്റകുറ്റപ്പണികളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.