
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഹരിയാണ കേഡറിലെ വിരമിച്ച ഉദ്യോഗസ്ഥനായ മുരാരി ലാൽ തയാലിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയത്. മുൻ ഹരിയാണ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്.
കണ്ടുകെട്ടിയ സ്വത്തുക്കളിൽ 14.06 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, രണ്ട് വീടുകൾ, ഏഴ് അപ്പാർട്ട്മെന്റുകൾ എന്നിവ ഉൾപ്പെടുന്നു. ചണ്ഡീഗഡ്, ന്യൂഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഈ വീടുകളും ഫ്ലാറ്റുകളും സ്ഥിതി ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (PMLA) ഇ.ഡിയുടെ നടപടി.
കേസിന്റെ നാൾവഴികൾ
മുരാരി ലാൽ തയാൽ, ഭൂപീന്ദർ സിംഗ് ഹൂഡയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും (2005-2009), പിന്നീട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (CCI) അംഗമായും (2009-2014) സേവനമനുഷ്ഠിച്ച കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് പ്രധാന ആരോപണം. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ് ഏറ്റെടുത്തത്.
മാനേസറിലെ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് 2015-ലാണ് സിബിഐ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, 2017-ൽ തയാലിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്യുകയായിരുന്നു. തയാലിന്റെ ഭാര്യ സവിത തയാൽ, മകൻ കാർത്തിക് തയാൽ എന്നിവരുടെ സാമ്പത്തിക ഇടപാടുകളും ഇ.ഡി. അന്വേഷിച്ചുവരികയാണ്.