News

നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കും; ഉത്തരവിൽ ഒപ്പുവെച്ച് യെമൻ പ്രോസിക്യൂട്ടർ; പ്രതീക്ഷകൾ മങ്ങുന്നു

സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ ജൂലൈ 16-ന് നടപ്പാക്കാൻ ഉത്തരവ്. വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചതോടെ, നിമിഷയുടെ മോചനത്തിനായുള്ള പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

നിയമപരമായ എല്ലാ വഴികളും അടഞ്ഞെന്നും ഇനി രക്ഷപ്പെടാനുള്ള ഏക മാർഗം കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പ് നൽകുക എന്നത് മാത്രമാണെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു. ദയാധനം നൽകി മാപ്പ് നേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തലാലിന്റെ കുടുംബാംഗങ്ങളുമായി നാളെ (ജൂലൈ 9) ചർച്ച നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും, വിവിധ മലയാളി സംഘടനകളും ശ്രമങ്ങൾ നടത്തിവരികയായിരുന്നു. എന്നാൽ, യെമനിലെ ഗോത്ര നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുകയുള്ളൂ. ഈ അവസാന കച്ചിത്തുരുമ്പിലാണ് നിമിഷ പ്രിയയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.