CinemaNews

നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ; ‘മഞ്ഞുമ്മൽ ബോയ്സ്’ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

കൊച്ചി: വൻ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രമുഖ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെ മരട് പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിർമ്മാണ പങ്കാളികളായ സൗബിന്റെ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

കേസിന്റെ നാൾവഴികൾ

സിനിമയുടെ നിർമ്മാണത്തിനായി ഏഴ് കോടി രൂപ നൽകിയ അരൂർ സ്വദേശി സിറാജ് വലിയതുറയാണ് നിർമ്മാതാക്കൾക്കെതിരെ പരാതി നൽകിയത്. സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, മുടക്കുമുതൽ പോലും തിരികെ നൽകാതെ വഞ്ചിച്ചു എന്നായിരുന്നു പരാതി. 20 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നായി 250 കോടിയോളം രൂപ വരുമാനം നേടിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നിർമ്മാതാക്കൾ ലാഭവിഹിതം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി വിശ്വാസവഞ്ചനയും ഗൂഢാലോചനയും നടത്തിയെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അന്വേഷണം തുടരാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

സൗബിന്റെ പ്രതികരണം

ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ, പരാതിക്കാരന് ലാഭവിഹിതം നൽകാൻ തയ്യാറാണെന്നും അതിനായി പണം മാറ്റിവെച്ചിട്ടുണ്ടെന്നും സൗബിൻ മാധ്യമങ്ങളോട് പറഞ്ഞു. “പരാതിക്കാരന് മുടക്കുമുതൽ തിരികെ നൽകിയിരുന്നു. ലാഭവിഹിതം നൽകാനിരിക്കെയാണ് അദ്ദേഹം കേസ് കൊടുത്തത്,” സൗബിൻ കൂട്ടിച്ചേർത്തു.

അതേസമയം, പരാതിക്കാരൻ വാഗ്ദാനം ചെയ്ത പണം കൃത്യസമയത്ത് നൽകാതിരുന്നത് ഷൂട്ടിംഗ് മുടങ്ങാനും നഷ്ടമുണ്ടാക്കാനും കാരണമായെന്നാണ് നിർമ്മാതാക്കളുടെ വാദം.