
പണിമുടക്കിന് നമ്മളില്ലേ? ക്ഷാമബത്ത കുടിശിക അടക്കമുള്ള പോസ്റ്ററുകളുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
പണിമുടക്കിന് നമ്മളില്ലേ? സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പോസ്റ്ററുകൾ വൈറൽ. ഒരു വിഭാഗം തൊഴിലാളികൾ പ്രഖ്യാപിച്ചിട്ടുള്ള നാളത്തെ ( ജൂലൈ 9 ) ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പണിമുടക്കിന് നമ്മളില്ലേ എന്ന പോസ്റ്ററുകൾ ഇറങ്ങിയത്. എന്തുകൊണ്ട് പണിമുടക്കിൽ പങ്കെടുക്കുന്നില്ല എന്ന കാരണങ്ങൾ വസ്തുനിഷ്ടമായി പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ കയറിട്ട് 9 വർഷം കഴിഞ്ഞിട്ടും പറ്റിപ്പ് തുടരുകയാണ് സർക്കാർ. അതുകൊണ്ട് തന്നെ പങ്കാളിത്ത പെൻഷൻ പറ്റിപ്പ് തുടരും എന്ന പോസ്റ്റർ ജീവനക്കാർ വ്യാപകമായി ഷെയർ ചെയ്യുന്നു.
ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിനാണ്. 18 ശതമാനം ആണ് കുടിശിക . ജൂലൈ പ്രാബല്യത്തിൽ കേന്ദ്രം ഡി.എ പ്രഖ്യാപിക്കുന്നതോടെ ക്ഷാമബത്ത കുടിശിക 21 ശതമാനമായി ഉയരും . അതുകൊണ്ട് തന്നെ ക്ഷാമബത്ത കുടിശിക തുടരും എന്ന പോസ്റ്ററും ശ്രദ്ധ നേടിയിട്ടുണ്ട്.ആറ് വർഷമായി ലീവ് സറണ്ടർ ജീവനക്കാർക്ക് ലഭിക്കുന്നില്ല. ലീവ് സറണ്ടർ നൽകാത്തത് തുടരും എന്ന പോസ്റ്ററാണ് അടുത്തത്.
പന്ത്രണ്ടാം ശമ്പളപരിഷ്കരണം നിലവിൽവരേണ്ട സമയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ കമ്മീഷനെപ്പോലും നിയമിച്ചിട്ടില്ലാത്ത, ജീവനക്കാരുടെ 21% DA കുടിശ്ശികയാക്കിയ, 117 മാസത്തെ DA കുടിശ്ശിക കവർന്നെടുത്ത, 6 വർഷത്തെ leave surrender കവർന്നെടുത്ത, രണ്ട് തവണ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കാത്ത, HBA നിർത്തലാക്കിയ, ജീവനക്കാരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഒരു പൈസയുടെപോലും സർക്കാർ കോൺട്രിബൂഷൻ ഇല്ലാതെ ഏറ്റവും വികലമായി Medisep നടപ്പിലാക്കിയ, കാലാ കാലങ്ങളായി സമര പോരാട്ടങ്ങളിലൂടെ സർവീസ് സംഘടനകൾ സർക്കാർ ജീവനക്കാർക്ക് നേടിക്കൊടുത്ത ആനുകൂല്യങ്ങളും അവകാശങ്ങളും ഒന്നൊന്നായി കവർന്നെടുത്ത് തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതു സർക്കാരിനെതിരെയാണ് ആദ്യം സമരം ചെയ്യേണ്ടതെന്നും തികച്ചും രാഷ്ട്രീയ മുതലെടുപ്പിനായി സംസ്ഥാനത്തെ ഇടതു സർവീസ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള നാളത്തെ പണിമുടക്ക് തള്ളിക്കളയണമെന്ന ആഹ്വാനവുമായി ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷനും രംഗത്തെത്തി.