
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധം; ദുബായിൽ ജയിലിലായ ബ്രിട്ടീഷ് കൗമാരക്കാരന് മാപ്പ് നൽകി, മോചനം
ലണ്ടൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ദുബായിൽ ജയിലിലായ ബ്രിട്ടീഷ് കൗമാരക്കാരന് മോചനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയ രാജകീയ പൊതുമാപ്പിനെ തുടർന്നാണ് ലണ്ടൻ സ്വദേശിയായ മാർക്കസ് ഫക്കാന (19) ജയിൽ മോചിതനായത്. തുടർന്ന് ഇയാൾ യുകെയിൽ തിരിച്ചെത്തി.
യുഎഇയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴാണ്, 17-കാരിയായ മറ്റൊരു ബ്രിട്ടീഷ് പെൺകുട്ടിയുമായി ഫക്കാന ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. യുഎഇയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. പെൺകുട്ടി യുകെയിൽ തിരിച്ചെത്തിയ ശേഷം, ഇരുവരും തമ്മിലുള്ള സന്ദേശങ്ങൾ കണ്ട അമ്മയാണ് യുഎഇ അധികൃതർക്ക് പരാതി നൽകിയത്. തുടർന്ന്, 2024 ഡിസംബറിൽ ഫക്കാനയെ ഒരു വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
പെൺകുട്ടിക്ക് 18 വയസ്സിൽ താഴെയാണെന്ന് മാർക്കസിന് അറിയില്ലായിരുന്നു. അതിനാൽ ഈ സാഹചര്യത്തിൽ അവനെ പ്രോസിക്യൂട്ട് ചെയ്യരുതായിരുതെന്നായിരുന്നു മാർക്കസിന്റെ കുടുംബത്തിന്റെ വാദം.
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് അവർ മുന്നറിയിപ്പും നൽകി. “സ്വന്തം നാട്ടിൽ കുറ്റകരമല്ലാത്ത കാര്യങ്ങൾക്ക് പോലും യുഎഇയിൽ കൗമാരക്കാർക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. അത് ഒരു ബന്ധമായാലും, സോഷ്യൽ മീഡിയയിലെ പ്രവർത്തനമായാലും, മദ്യപാനമായാലും.
യുഎഇ നിയമപ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും, നിയമപരമായ രക്ഷിതാവ് എന്ന നിലയിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ദുബായ് സർക്കാർ മുൻപ് വ്യക്തമാക്കിയിരുന്നു.