News

ജൂലൈ 9-ലെ ദേശീയ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് SETO

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ജൂലൈ 9-ലെ ദേശീയ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അധ്യാപക-ജീവനക്കാരുടെ സംഘടനയായ സെറ്റോ (സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ) സംസ്ഥാന കമ്മിറ്റി.

കേന്ദ്രസർക്കാർ നയങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും, അതിന്റെ പത്തിരട്ടി തൊഴിലാളി വിരുദ്ധത കാണിക്കുന്ന കേരളത്തിലെ പിണറായി സർക്കാരിനെതിരായ ആവശ്യങ്ങൾ ഉന്നയിക്കാത്ത പണിമുടക്കിൽ അണിചേരേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 2025 ജനുവരി 22-ന് സെറ്റോയുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തിയതാണെന്നും, അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം

സ്ഥിരം നിയമനങ്ങൾക്ക് പകരം താൽക്കാലികക്കാരെ നിയമിച്ചും, ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും സിവിൽ സർവീസ്, വിദ്യാഭ്യാസ മേഖലകളെ തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ മൗനം പാലിക്കുകയാണെന്ന് സെറ്റോ ആരോപിച്ചു.

“മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ട്. എന്നാൽ അതിൻ്റെ പത്തിരട്ടി തൊഴിലാളി വിരുദ്ധത കാണിക്കുന്ന പിണറായി ഗവൺമെന്റിനെതിരായുള്ള ഡിമാൻ്റുകൾ ഉയർത്താത്ത പണിമുടക്കിൽ അണിചേരേണ്ടതില്ല,” എന്ന് സെറ്റോ സംസ്ഥാന കമ്മിറ്റി അറിയിച്ചു.