News

ജൂലൈ 9-ലെ പണിമുടക്ക് രാഷ്ട്രീയ പ്രേരിതം; പങ്കെടുക്കില്ലെന്ന് കെജിഒയു, സർക്കാരിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ജൂലൈ 9-ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും തൊഴിലാളികളും ചേർന്നുള്ള സംഘടനകൾ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു). സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ നടത്തുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മൗനം പാലിക്കുന്ന, രാഷ്ട്രീയ പ്രേരിതമായ പണിമുടക്കിൽ പങ്കെടുക്കേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ ജീവനക്കാർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ അവഗണിച്ച്, കേന്ദ്ര സർക്കാരിനെതിരെ മാത്രം സമരം ചെയ്യുന്ന ഇടത് സർവീസ് സംഘടനകളുടെ കാപട്യം ജീവനക്കാർ തിരിച്ചറിയണമെന്ന് കെജിഒയു ആവശ്യപ്പെട്ടു.

ഇടതുസർക്കാരിനെതിരെ രൂക്ഷ വിമർശനം

കഴിഞ്ഞ 9 വർഷമായി കേരളത്തിലെ ജനവിരുദ്ധ, തൊഴിലാളി ദ്രോഹ നയങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സംഘടനകളാണ് ഇപ്പോൾ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നതെന്ന് കെജിഒയു കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രധാന പ്രശ്നങ്ങൾ ഇവർ ഉയർത്തുന്നില്ല.

  • പങ്കാളിത്ത പെൻഷൻ: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട ജീവനക്കാരെ കഴിഞ്ഞ 9 വർഷമായി വഞ്ചിക്കുകയാണ് സർക്കാർ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നൽകിയിരുന്ന ആനുകൂല്യങ്ങൾ പോലും ഇല്ലാതാക്കി. പങ്കാളിത്ത പെൻഷൻകാരുടെ വിഹിതം ഈടുവെച്ച് വായ്പയെടുത്ത് സർക്കാർ ധൂർത്ത് നടത്തുകയാണ്. ഇതിനെതിരെ ഒരുദിവസം പോലും പണിമുടക്കാൻ ഈ സംഘടനകൾ തയ്യാറായിട്ടില്ല.
  • സ്കീം വർക്കർമാരുടെ സമരം: അംഗൻവാടി, ആശാവർക്കർമാർ എന്നിവരുടെ ദിവസവേതനം 700 രൂപയായി ഉയർത്തുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല. ന്യായമായ വേതനത്തിനായി സമരം ചെയ്ത ആശാവർക്കർമാരെ അപമാനിച്ച് പരാജയപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്.
  • കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും: ഒന്നര ലക്ഷത്തോളം കരാർ, ദിവസവേതന ജീവനക്കാരെയാണ് ഈ സർക്കാർ നിയമിച്ചത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി, സംവരണ തത്വങ്ങൾ അട്ടിമറിച്ചാണ് പാർട്ടി സഖാക്കളെയും ബന്ധുക്കളെയും നിയമിക്കുന്നത്. ഇതിനെതിരെയും പണിമുടക്കുന്ന സംഘടനകൾക്ക് മിണ്ടാട്ടമില്ല.
  • ഡിഎ കുടിശ്ശിക: വിലക്കയറ്റത്തിന് ആനുപാതികമായി നൽകേണ്ട ക്ഷാമബത്ത (ഡിഎ) വർഷങ്ങളായി കുടിശ്ശിക വരുത്തി ജീവനക്കാരെ വഞ്ചിക്കുകയാണ്.

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പുവരുത്താനും, ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിനും യാത്രാസൗകര്യം ഒരുക്കാനും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെജിഒയു സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി ബി. ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു.