
തിരുവനന്തപുരം: 21 ദിവസമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം അറ്റകുറ്റപ്പണി നടത്തുന്നതിനോ, തിരികെ കൊണ്ടുപോകുന്നതിനോ ഉള്ള നിർണായക നീക്കങ്ങൾക്കായി ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പൽ നാളെ കേരള തീരത്തെത്തും. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിശോധിക്കുന്നതിനായി 25 ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധരും കപ്പലിലുണ്ടാകും.
വിമാനം ഇന്ത്യയിൽ വെച്ച് നന്നാക്കാൻ കഴിയുമോ, അതോ യുകെയിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വരുമോ എന്ന് ഈ വിദഗ്ധ സംഘം തീരുമാനിക്കും. “വിമാനം ഇന്ത്യയിൽ വെച്ച് നന്നാക്കാൻ കഴിയുമോ, അതോ യുകെയിലേക്ക് തിരികെ കൊണ്ടുപോകേണ്ടതുണ്ടോ എന്ന് ടീം തീരുമാനിക്കും,” ഒരു പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

ജൂൺ 14-നാണ് ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള എഫ്-35ബി വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. നിലവിൽ, ആറ് അംഗങ്ങളുള്ള ഒരു ബ്രിട്ടീഷ് സംഘമാണ് വിമാനത്തിന് കാവൽ നിൽക്കുന്നത്.
‘പൊളിച്ചടുക്കൽ’ അതിസങ്കീർണ്ണം
വിമാനം ഇവിടെവെച്ച് നന്നാക്കാൻ സാധിച്ചില്ലെങ്കിൽ, ഭാഗങ്ങളായി പൊളിച്ച് ഒരു കാർഗോ വിമാനത്തിൽ യുകെയിലേക്ക് തിരികെ കൊണ്ടുപോകാനാണ് സാധ്യത. എന്നാൽ, 110 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഈ വിമാനം പൊളിക്കുന്നത് അതീവ സങ്കീർണ്ണമായ ഒരു ദൗത്യമാണ്.
വിമാനത്തിന്റെ സ്റ്റെൽത്ത് സാങ്കേതികവിദ്യ ചോരാതിരിക്കാൻ, അഴിക്കുന്ന ഓരോ സ്ക്രൂവിനും പ്രത്യേക കോഡുകൾ നൽകി സുരക്ഷിതമാക്കേണ്ടതുണ്ട്. വിമാനത്തിന്റെ യഥാർത്ഥ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ സർട്ടിഫൈ ചെയ്ത എഞ്ചിനീയർമാർക്ക് മാത്രമേ ഈ ‘പൊളിച്ചടുക്കൽ’ നടത്താൻ അനുമതിയുള്ളൂ. ബ്രിട്ടീഷ് സൈന്യത്തിന്റെ കർശനമായ മേൽനോട്ടത്തിലായിരിക്കും മുഴുവൻ നടപടികളും.
വിദഗ്ധ സംഘം പരിശോധന പൂർത്തിയാക്കിയ ശേഷമേ, വിമാനത്തിന്റെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.