News

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവുമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ; സർക്കാർ സഹായവും പിന്നാലെ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പത്ത് ദിവസത്തിനകം തുക കുടുംബത്തിന് കൈമാറും. ബഹ്‌റൈൻ ഒഐസിസി നാല് ലക്ഷം രൂപയും, കോട്ടയം ജില്ലാ മഹിളാ കോൺഗ്രസ് ഒരു ലക്ഷം രൂപയും ഫൗണ്ടേഷന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനും അറിയിച്ചു. സംസ്കാര ചടങ്ങുകൾക്കുള്ള ചെലവിനായി 50,000 രൂപ അടിയന്തരമായി ഇന്ന് തന്നെ നൽകും. ബാക്കി തുക പിന്നീട് കൈമാറും.

രാഷ്ട്രീയ വാക്പോര്

ദുരന്തഭൂമിയിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരിനും കോട്ടയം മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചു. രക്ഷാപ്രവർത്തനം വൈകിയെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, “പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴവെട്ടുകയാണ് ചിലർ” എന്നാണ് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചത്.

“ഇന്നലെ വിവരം അറിഞ്ഞപ്പോൾ തന്നെ അവിടെയെത്തിയിരുന്നു. ഉദ്യോഗസ്ഥർ പറഞ്ഞതാണ് മാധ്യമങ്ങളോട് പറഞ്ഞത്. വെറുതെ ചാനലുകാരെ കൂട്ടി ഷോ ഉണ്ടാക്കുകയായിരുന്നു പ്രക്ഷോഭകാരികളുടെ ലക്ഷ്യം. കുട്ടിയുടെ ചികിത്സ, ധനസഹായം, ഭാവി സുരക്ഷിതത്വം എന്നീ കാര്യങ്ങളിൽ വീട്ടുകാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്,” എന്നും വാസവൻ പറഞ്ഞു.

“വേണമെന്ന് വെച്ചാൽ എല്ലാം നടക്കും, വേണ്ടെന്ന് വെച്ചാൽ ഒന്നും നടക്കില്ല,” എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് വന്നതെന്നും, അവർ ഒന്നും ചെയ്തില്ലെന്നും മന്ത്രി വാസവൻ തിരിച്ചടിച്ചു.