News

‘കെട്ടിടത്തിൽ ആരുമില്ലെന്ന് മന്ത്രിമാരോട് പറഞ്ഞത് ഞാൻ’; ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്രണ്ട്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആരും ഉണ്ടാകാൻ സാധ്യതയില്ലെന്ന് മന്ത്രിമാരെ അറിയിച്ചത് താനാണെന്നും, ഈ വിലയിരുത്തൽ തെറ്റിപ്പോയെന്നും സൂപ്രണ്ട് സമ്മതിച്ചു.

“സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന് മന്ത്രിമാരെ അറിയിച്ചത്. ആ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ വൈകിയത്. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു,” ഡോ. ജയകുമാർ പറഞ്ഞു.

കെട്ടിടത്തിലെ എല്ലാ സേവനങ്ങളും പൂർണ്ണമായി നിർത്തിവെക്കാൻ കഴിഞ്ഞിരുന്നില്ലെന്നും, ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വർധിച്ചതോടെ ശുചിമുറി ഉപയോഗിക്കാനായി കെട്ടിടം വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് മെഡിക്കൽ കോളേജിലെ പഴയ കെട്ടിടത്തിന്റെ ശുചിമുറി ബ്ലോക്ക് തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബിന്ദുവിനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത്. ‘ആളൊഴിഞ്ഞ കെട്ടിടം’ എന്ന അധികൃതരുടെ പ്രഖ്യാപനമാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായതെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്രണ്ടിന്റെ കുറ്റസമ്മതം.